കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ മധ്യവയസ്കയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും ആധാർ കാർഡും മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിനിയായ മീനാക്ഷി (44) യെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാവിലെ 11.00 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് എരുമേലി പഴയിടം സ്വദേശിനിയായ മധ്യവയസ്ക ബസ്സിൽ കയറുന്ന സമയം ബസ്സിന്റെ വാതിൽ പടിയിൽ വച്ച് തിക്ക് ഉണ്ടാക്കി മധ്യവയസ്കയുടെ ഷോൾഡർ ബാഗ് തുറന്ന് ഇതിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും, എടിഎം കാർഡും, ആധാർ കാർഡും അടങ്ങിയ പേഴ്സ് മോഷ്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ ഇവരെ കാഞ്ഞിരപ്പള്ളി പേട്ട കവല ഭാഗത്ത് നിന്നും മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് മധ്യവയസ്കയുടെ പണവും , ആധാർ കാർഡും കൂടാതെ മറ്റു പലരുടെയും ആധാർ കാര്‍ഡുകളും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ എം.എസ്, എസ്.ഐ ശാന്തി. കെ.ബാബു, എ.എസ്.ഐ രേഖാറാം, സി.പി.ഓ മാരായ അരുൺ, ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.