കാഞ്ഞിരപ്പള്ളി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസിലെ പ്രതിയെ വർഷങ്ങൾക്കു ശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി, നാച്ചികോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2015, 2019 എന്നീ വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ തമിഴ്നാട് ഏർവാടി എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ എം.എസ്, സി.പി.ഓ മാരായ ശ്രീരാജ്, വിമൽ ബി. നായർ, അരുൺ കെ.അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.