വൈക്കം : പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം പനമ്പുകാട് മത്സ്യ വില്പന തൊഴിലാളിയായ യുവതിയെയാണ് വീട്ടിൽ കയറി മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കണ്ണിനും പരിക്കേറ്റ വൈക്കം പനമ്പുകാട് ആലവേലിൽ പ്രജിത ജോഷി (43)യെ വൈക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസിയായ ഹരികൃഷ്ണൻ ഇയാളുടെ അച്ഛൻ കൈലാസൻ എന്നിവർ ചേർന്ന് മദ്യപിച്ചെത്തി മാരകമായി മർദ്ദിച്ചതായാണ് യുവതി പരാതിയിൽ പറയുന്നത്. ശനിയാഴ്ച വൈകിട്ട് രണ്ടു മണിയോടെയായിരുന്നു സംഭവം. പ്രജിതയുടെ വീട്ടിലെ നായ കുരക്കുന്ന ശബ്ദം തങ്ങൾക്ക് അരോചകമാണെന്ന് പറഞ്ഞ് പ്രതികൾ മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും വീടിനുള്ളിൽ നിന്നിരുന്ന പ്രജിതയെ വീടിനുള്ളിൽ കയറി മാരകമായി മർദ്ദിച്ചതായും പറയുന്നു. സംഭവ സമയത്ത് പ്രജിത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്ത്. തലയ്ക്കും കൈയ്ക്കും നടുവിനും ഉൾപ്പെടെ പരിക്കേറ്റ യുവതിയെ പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.