കോട്ടയം : വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയ്ക്ക് 23 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും. ആലപ്പുഴ ഓച്ചിറ,പുതുപ്പള്ളി പ്രയാർ പോസ്റ്റ് ഓഫീസ് അതിർത്തിയിൽ മാധവ വിലാസം വീട്ടിൽ ഓമനക്കുട്ടനെ (62) യാണ് 23വർഷം കഠിന തടവിനും 1.75 ലക്ഷം രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചത്. പ്രതി പിഴ അടച്ചാൽ 1.5 ലക്ഷം രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2021 നവംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ഷൈൻ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെയും 19 പ്രമാണങ്ങളും ഹാജരാക്കി പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.