തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ആദ്യത്തെ മൂന്ന് ദിവസം കര്‍ണാടക സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനം ഈ നിലയിലാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അര്‍ജുനെ ഉടന്‍ രക്ഷിക്കാമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കുന്നതിലും ഡ്രൈവര്‍ അര്‍ജുനെ രക്ഷിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിലും പ്രതിഷേധിച്ച് എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ആദ്യത്തെ മൂന്ന് ദിവസം മൂന്ന് ജെസിബി മാത്രമാണ് ഉണ്ടായിരുന്നത്. മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനവും മാധ്യമങ്ങളില്‍ വന്നതിനു ശേഷമാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. കര്‍ണ്ണാടക സര്‍ക്കാരിന്റെ ക്രൂരമായ അനാസ്ഥക്കെതിരെ സിപിഎം നേതാക്കള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഒരു മലയാളിയെ കാണാതായിട്ടു പോലും കേരളത്തിന്റെ ഇടപെടല്‍ ഉണ്ടായില്ല. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിന് കര്‍ണ്ണാടകയുടെ ചുമതലയുള്ള കെ. സി. വേണുഗോപാല്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിജെപിയാണ് കര്‍ണാടക ഭരിക്കുന്നതെങ്കില്‍ ഈ നാട്ടില്‍ ഇപ്പോള്‍ എത്ര മെഴുകുതിരി പ്രതിഷേധം നടന്നേനെയെനന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ സഖ്യം ആയത് കൊണ്ട് പിണറായിയോ ഗോവിന്ദനോ കര്‍ണാടക സര്‍ക്കാരിനെതിരെ മിണ്ടുന്നില്ല. കേരളത്തില്‍ നിന്ന് ഒരു മന്ത്രിപോലും സ്ഥലം സന്ദര്‍ശിക്കാനോ, ബന്ധുക്കളെ കാണാനോ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കര്‍ണ്ണാടക സര്‍ക്കാര്‍ ഇതര സംസ്ഥാനക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരുങ്ങുന്നതിലൂടെ നിരവധി ആളുകള്‍ തൊഴില്‍ രഹിതരാകും. കര്‍ണ്ണാടകയില്‍ 30 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്. കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കര്‍ണ്ണാടക സര്‍ക്കാര്‍ എടുക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍പോലും കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയർന്നുവരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, എൻഡിഎ നേതാക്കളായ പത്മകുമാർ, ഹരികുമാർ, കുരുവിള മാത്യൂസ്, സന്തോഷ് കാളിയത്ത്, വി.വി. രാജേന്ദ്രൻ, പി.എസ്. രാമചന്ദ്രൻ, സജി മഞ്ഞക്കടമ്പിൽ, ബിജു മേലാറ്റൂർ തുടങ്ങിയവർ സംസാരിച്ചു. ബി ജെ പി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് സ്വാഗതവും ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ പരുത്തിപ്പിള്ളി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
*കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം: മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്‍*
തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല. ഏതൊരു പൗരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന്‍ പരിഹസിച്ചു. കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിലും അലംഭാവം കണ്ടു. സൈന്യത്തിന്റെയോ ഐഎസ്ആര്‍ഒയുടേയോ സഹായം ആദ്യഘട്ടത്തില്‍ തേടിയില്ല. തദ്ദേശീയര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള തിരക്കില്‍ ഒരു മലയാളിയുടെ ജീവന്‍ മറന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവണിച്ചെന്നു പറയുന്നവര്‍, കേരളത്തിലെ മലയാളികളെ സിദ്ധരാമയ്യ സര്‍ക്കാർ അവഗണിക്കുന്നത് കാണില്ല. ഇന്‍ഡി സഖ്യത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം വിലപ്പോകില്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.
കര്‍ണാടകയും കേരളവും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ് യോഗത്തിൽ വ്യക്തമാക്കി. ദേശവിരുദ്ധ നിലപാടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമുള്ളത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ബജറ്റില്‍ കേരളത്തിനായി ഒന്നുമില്ലെന്ന് പ്രചരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വന്‍ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികളില്ലെന്ന നുണപ്രചരണം തള്ളിക്കളയണം. കര്‍ണാടക, ബാംഗ്ലൂര്‍ ജോലി ചെയ്യുന്നവരുടെ അവസരങ്ങള്‍ നിഷേധിച്ചാല്‍ കേരളത്തിലുടനീളം ശക്തമായ പ്രക്ഷോഭങ്ങള്‍ ബിജെപിയുടെയും എൻഡിഎയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.