കടുത്തുരുത്തി : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ പൂഴിക്കുന്നേൽ വീട്ടിൽ അനീഷ് ഗോപി (38) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമീപവാസിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെയും ഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. യുവാവ് വീട്ടമ്മയുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി മദ്യപിച്ചത് വീട്ടമ്മ ചോദ്യം ചെയ്യുകയും ഇതിലുള്ള വിരോധം മൂലം കഴിഞ്ഞദിവസം വൈകിട്ട് 08 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് ഭർത്താവിനെ അടിക്കുകയും, ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും,ഓട് കൊണ്ട് അടിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ സിങ്ങ് സി.ആർ, എസ്.ഐ മാരായ നാസർ കെ, റോജിമോൻ, സജി കെ.പി, സി.പി.ഓ മാരായ സുനിൽ അനൂപ് അപ്പുക്കുട്ടൻ, രാജേഷ്, ഷുക്കൂർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.