ബംഗളൂരു: യുവതിയെ കുളിമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മി (24)യെയാണ് ബെംഗളൂരു നെലമംഗലയിലെ ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. വ്യാപാരിയായ വെങ്കിട്ടരമണയും ഭാര്യ ലക്ഷ്മിയും ഞായറാഴ്ച രാവിലെയാണ് നെലമംഗലയിലെ ബന്ധുവീട്ടിലെത്തിയത്. പിന്നാലെ ലക്ഷ്മി കുളിക്കാനായി കുളിമുറിയിലേക്ക് പോയി. കുളിച്ചുവന്നതിന് ശേഷം പുറത്തേക്ക് പോകണമെന്ന് പറഞ്ഞാണ് യുവതി കുളിമുറിയില്‍ കയറിയത്. എന്നാല്‍, കുറച്ചുകഴിഞ്ഞിട്ടും യുവതി കുളിമുറിയില്‍നിന്ന് പുറത്തുവന്നില്ല.
കുളിമുറിയില്‍നിന്ന് പൈപ്പ് തുറന്നതിന്റെയോ ഗീസറിന്റെയോ ശബ്ദവും കേട്ടിരുന്നില്ല. ഭർത്താവും ബന്ധുക്കളും പലതവണ വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതോടെ വാതില്‍ തകർത്ത് കുളിമുറിക്കുള്ളില്‍ കടന്നതോടെയാണ് യുവതി അബോധാവസ്ഥയില്‍ നിലത്തുവീണ് കിടക്കുന്നത് കണ്ടത്. യുവതിയുടെ മുഖത്ത് വിചിത്രമായ ചില അടയാളങ്ങളും ഉണ്ടായിരുന്നു. ഉടൻതന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. അതേസമയം, യുവതിയുടെ മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നില്ലെന്നാണ് പോലീസിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഖത്ത് കണ്ടെത്തിയ അടയാളങ്ങളിലും ദുരൂഹതയുണ്ട്. സംഭവം നടന്ന വീട്ടില്‍ ഫൊറൻസിക് സംഘം പരിശോധന നടത്തിയതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നെലമംഗല ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് യുവതിയുടെ ഭർത്താവ് വെങ്കിട്ടരമണയും മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യയുടെ മരണത്തില്‍ താൻ വലിയ ഞെട്ടലിലാണ്. രാവിലെ 9.30 വരെ ഞങ്ങളെല്ലാവരും സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോളാണ് അവള്‍ കുളിക്കാൻ പോയത്. 9.50-ഓടെ ഞാൻ അവളെ തിരക്കി പോയിനോക്കി. കുളിമുറിയുടെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. വാതില്‍ ബലംപ്രയോഗിച്ച് തുറന്നതോടെയാണ് ഭാര്യയെ നിലത്തുവീണ് കിടക്കുന്നനിലയില്‍ കണ്ടതെന്നും എല്ലാം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.