കോട്ടയം: അനധികൃത നിർമ്മാണങ്ങൾ സാധൂകരിക്കുന്നു എന്നതിന്റെ പേരിൽ ഇടുക്കിയിലെ കുടിയേറ്റക്കാരെ കയ്യേറ്റക്കാരാക്കി ചിത്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. 2024 ജൂൺ 7 വരെയുള്ള നിർമ്മാണങ്ങൾക്ക് ഭേദഗതിയിലൂടെ ആനുകൂല്യം ലഭിക്കുമ്പോൾ അതിനുശേഷം നിർമ്മിച്ചവ അനധികൃതമായി മാറും. സ്വാഭാവികമായും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതിനുവേണ്ടി വലിയ അഴിമതിയിലേക്ക് കാര്യങ്ങൾ നീങ്ങും.
3000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് വലിയ തുകയാണ് പിഴയായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ നികുതി അടച്ച് ലൈസൻസ് സ്വന്തമാക്കിയ മുഴുവൻ കെട്ടിടങ്ങളും വീണ്ടും പണം അടക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തും. ഇത് ഇടുക്കിയുടെ വ്യാപാര ടൂറിസം മേഖലയെ തകർക്കുന്നതാണ്. വലിയ രീതിയിലുള്ള പണപ്പിരിവിലാണ് ഇതിലൂടെ സിപിഎമ്മും സിപിഐയും ലക്ഷ്യം വെക്കുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഭേദഗതിയിലൂടെ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചു എന്നാണ് സർക്കാരിന്റെ അവകാശവാദം. എന്നാൽ 2016 ശേഷം ഈ പ്രതിസന്ധി ആരാണ് സൃഷ്ടിച്ചത് എന്നും സർക്കാർ വ്യക്തമാക്കണം.
സർക്കാരിന്റെ നിലപാടുകളാണ് ഇടുക്കിയിലെ ഈ പ്രതിസന്ധിക്ക് മുഖ്യകാരണം. സർക്കാരിന്റെ വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് തന്നെയാണ് ഇതിനടിസ്ഥാന കാരണം. വെള്ളത്തൂവൽ പഞ്ചായത്തിൽ 2016-ൽ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട ഉയർന്നുവന്ന പരാതിയാണ് ഇതിനെല്ലാം കാരണം. വിഷയത്തിൽ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേരള സർക്കാർ സ്വീകരിച്ച കുടിയേറ്റകർഷക വിരുദ്ധ നിലപാടുകളാണ് ഇടുക്കിയിലെ ജനങ്ങളെ ഈ നിലയിൽ എത്തിച്ചത്. ചട്ട ഭേദഗതിക്ക് ശേഷവും നിർമ്മാണ നിയന്ത്രണം നിലനിൽക്കുകയാണ്. പട്ടയ വസ്തുവിൽ കാലാനുസൃതമായ നിർമ്മാണങ്ങൾ അനുവദിക്കുമെന്ന് ഭേദഗതി വരുത്തേണ്ടതിനുപകരം കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി മാറ്റുകയാണ് ചെയ്തത്.
കേരളാ ഭൂപതിവ് നിയമത്തിൽ 26.04.24 തീയതി ഉണ്ടായ ഭേദഗതി പ്രകാരം നിയമത്തിലെ ഏഴാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലെ ( ഒ എ), (ഒ ബി) വ്യവസ്ഥകൾ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ളതാണ്.(ഒ എ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങളും (ഒ ബി ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങളും ഉണ്ടാക്കിയാൽ മാത്രമേ ഭൂപതിവ് നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ സാധിക്കുകയുള്ളു. ( ഒ എ ) വ്യവസ്ഥ പ്രകാരം പതിച്ചു കൊടുത്ത ഭൂമിയിൽ പട്ടയ വ്യവസ്ഥകൾക്ക് വിരുദ്ധമായി നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പിഴ ഈടാക്കി ക്രമവൽക്കരിക്കുന്നതിനുള്ള ചട്ടങ്ങളും (ഒ ബി ) വ്യവസ്ഥ പ്രകാരം, പതിച്ചു നല്കപ്പെട്ട ഭൂമിയിൽ കൃഷി -ഭവന ആവശ്യങ്ങൾക്കല്ലാതെ ഇതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്നും അനുവാദം ലഭിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങൾക്കായുള്ള ചട്ടങ്ങലൂമാണ് ഉണ്ടാക്കേണ്ടത്.ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യം ( ഒ ബി ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങൾ നിലവിൽ വരിക എന്നുള്ളതാണ്. (ഒ ബി ) വ്യവസ്ഥ പ്രകാരമുള്ള ചട്ടങ്ങൾ നിലവിൽ വരാതെ മലയോര മേഖലയിൽ നിലവിലുള്ള നിർമ്മാണ നിരോധനം ഒഴിവാക്കാൻ കഴിയില്ല. എന്നാൽ ജനങ്ങളുടെ ഏറ്റവും അടിയന്തരമായ ആവശ്യം അനുവദിക്കാതെ ജനങ്ങളിൽ അമിത നികുതി ഭാരം അടിച്ചേൽപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ മാത്രമാണ് സർക്കാർ ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. എന്നിട്ട് ഭൂപ്രശ്നങ്ങൾ പരിഹരിച്ചുവെന്ന വ്യാജ പ്രസ്താവനയാണ് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നടത്തിയിട്ടുള്ളത്.ഒരു നിയമം പ്രാബല്യത്തിൽ വന്നാൽ 3 മാസത്തിനുള്ളിൽ ചട്ടങ്ങൾ ഉണ്ടാക്കുക എന്നതാണ് നിയമം. എന്നാൽ വർഷങ്ങളെടുത്തിട്ടും ജനങ്ങളുടെ ആവശ്യത്തിന് ഉപകരിക്കുന്ന ചട്ടങ്ങൾ ഉണ്ടാക്കാതെ ജന ദ്രോഹ പരമായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ പ്രക്ഷോഭ സമരപരിപാടികളുമായി ബിജെപി രംഗത്തിറങ്ങും.
വർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് പി പി സാനു , ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വി സി വർഗീസ് എന്നിവർ പങ്കെടുത്തു.