ദുബായ് : സാമൂഹികമാധ്യമങ്ങളിലെ താരമാണ് മലയാളിയായ മണിയമ്മ എന്ന 72-കാരി. ഏതുതരം വാഹനത്തിന്റെയും വളയം മണിയമ്മയുടെ കൈകളില്‍ ഭദ്രമാണെന്നതിനാല്‍ വാഹനപ്രേമികള്‍ അവർക്കൊരു പേര് നല്‍കി, ദി ഡ്രൈവർ അമ്മ.ക്രെയിൻ ഉള്‍പ്പടെ ഓടിച്ച് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായ മണിയമ്മ ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാല്‍ റോള്‍സ് റോയ്സ് ഗോസ്റ്റ്.
സാരിയുടുത്ത് ദുബായ് തെരുവുകളിലൂടെ വെള്ള നിറത്തിലുള്ള ആഡംബര കാർ ഓടിക്കുന്ന മണിയമ്മയുടെ വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. തൻ്റെ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് അഭിമാനത്തോടെ കാണിക്കുന്നതില്‍നിന്ന് തുടങ്ങുന്ന വീഡിയോ, പെട്ടെന്നുതന്നെ അവർ ആ വിലകൂടിയ വാഹനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് മാറുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീഡിയോ ഇതിനകം 13 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഏത് പ്രായത്തിലും ജീവിതം പൂർണമായി ജീവിക്കാൻ പ്രചോദനം നല്‍കുന്ന വ്യക്തിയെന്ന് പലരും അവരെ വിശേഷിപ്പിച്ചു. ‘ഒരുപക്ഷേ ലോകത്തിലെ എല്ലാ തരം വാഹനങ്ങളും ഓടിക്കാൻ സാധുവായ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസുള്ള ഏറ്റവും പ്രായം കൂടിയ വനിത ഇവരായിരിക്കും’ എന്ന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഗിന്നസ് വേള്‍ഡ് റെക്കോർഡ്സിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു.
ആഡംബര കാറുകള്‍ മുതല്‍ ഹെവി-ഡ്യൂട്ടി യന്ത്രങ്ങള്‍ വരെ 11 വ്യത്യസ്ത തരം വാഹനങ്ങള്‍ ഓടിക്കാൻ എറണാകുളം സ്വദേശിയായ ഡ്രൈവർ അമ്മയ്ക്ക് ലൈസൻസുണ്ട്. വിലകൂടിയ കാറുകള്‍ ഓടിക്കുന്നതിൻ്റെയും എക്സ്കവേറ്ററുകള്‍, ഫോർക്ക്ലിഫ്റ്റുകള്‍, ക്രെയിനുകള്‍, റോഡ് റോളറുകള്‍, ബസുകള്‍, ട്രാക്ടറുകള്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതിൻ്റെയും വീഡിയോകള്‍ അവർ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇന്ത്യയില്‍ വളരെ കുറച്ച് സ്ത്രീകള്‍ മാത്രം ഈ രംഗത്തേക്ക് കടന്നുവന്നിരുന്ന ഒരു കാലഘട്ടത്തില്‍, പതിറ്റാണ്ടുകള്‍ക്ക് മുൻപാണ് മണി അമ്മയുടെ ഡ്രൈവിങ് ജീവിതം ആരംഭിക്കുന്നത്. 1978-ല്‍ ഡ്രൈവിങ് സ്കൂള്‍ ആരംഭിച്ച ഭർത്താവിൻ്റെ പ്രോത്സാഹനത്താല്‍ അവർ കാറുകള്‍ മാത്രമല്ല, ക്രെയിനുകള്‍, ട്രെയിലറുകള്‍ തുടങ്ങിയ ഹെവി വാഹനങ്ങളും ഓടിക്കാൻ പഠിച്ചു.
2004-ല്‍ ഭർത്താവിൻ്റെ മരണശേഷം കുടുംബത്തെ പോറ്റാനായി മണിയമ്മ ഡ്രൈവിങ് സ്കൂളിൻ്റെ ചുമതല ഏറ്റെടുത്തു. ദൃഢനിശ്ചയത്തോടും അഭിനിവേശത്തോടുംകൂടി അവർ അദ്ദേഹത്തിൻ്റെ പാരമ്ബര്യം മുന്നോട്ട് കൊണ്ടുപോയി. ഇഷ്ടങ്ങള്‍ പിന്തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് മണിയമ്മ തെളിയിച്ചു. കേരളത്തിലെ റോഡുകളില്‍നിന്ന് ദുബായിലെ തിരക്കേറിയ നഗരങ്ങളിലേക്ക് എത്തുമ്ബോഴും, മണിയമ്മ തൻ്റെ ഡ്രൈവിങ് കഴിവുകള്‍ കൊണ്ട് മാത്രമല്ല, ജീവിതത്തോടുള്ള നിർഭയമായ മനോഭാവംകൊണ്ടും ലോകമെമ്ബാടുമുള്ള ആളുകള്‍ക്ക് പ്രചോദനമാവുകയാണ്.