കോട്ടയം: അനധികൃതമായി റോഡ് പുറമ്പോക്ക് കയ്യേറുന്നതിനെതിരെ കോട്ടയം മുൻസിഫ് പുറപ്പെടുവിച്ച ഉത്തരവിന് പോലും പുല്ല് വില നൽകി സഹകരണ സംഘത്തിന്റെ മീൻ കട നിർമ്മാണം. കുമരകം – വെച്ചൂർ റോഡ് ചീപ്പുങ്കലിനു സമീപമാണ് റോഡ് പുറമ്പോക്ക് കയ്യേറി ഉൾനാടൻ മത്സ്യതൊഴിലാളി സഹകരണ സംഘം ഷെഡ് നിർമ്മിച്ച് മീൻ കച്ചവടം നടത്തുന്നത്. റോഡ് പുറമ്പോക്ക് കയ്യേറുന്നതിനെതിരെ കോട്ടയം മുൻസിഫ് കോടതി പുറപ്പെടുവിച്ച ഇൻജക്ഷൻ ഉത്തരവ് നില നിൽക്കുമ്പോഴാണ് ഇത്തരത്തിൽ റോഡ് കയ്യേറി യാതൊരുവിധ നിയന്ത്രണവുമില്ലാതെ ഷെഡ് നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും തിരക്കേറിയ കോട്ടയം – കുമരകം – വെച്ചൂർ റോഡിൽ ചീപ്പുങ്കൽ ഭാഗത്തായാണ് റോഡ് പുറമ്പോക്ക് കയ്യേറി ഷെഡ് നിർമ്മിച്ചിരിക്കുന്നത്. ഉൾനാടൻ മത്സ്യതൊഴിലാളികൾക്ക് നിലവിൽ കുമരകം ഭാഗത്ത് സഹകരണ സംഘം ഉണ്ട്. ഈ സഹകരണ സംഘത്തിന് മീൻ വിൽപ്പന നടത്തുന്നതിനുള്ള സ്റ്റാളാണ് ഏറെ തിരക്കേറിയ റോഡിൽ യാതൊരു മാനദണ്ഡവുമില്ലാതെ നിർമ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ റോഡ് പുറമ്പോക്കിലെ ഓട സഹകരണ സംഘം അധികൃതർ മണ്ണിട്ട് നികത്തിയിരുന്നു. മണ്ണിട്ട് നികത്തിയ ശേഷം ഈ ഓടയ്ക്ക് മുകളിലാണ് ഇപ്പോൾ ഷെഡ് നിർമ്മിക്കുന്നത്. കോട്ടയം കുമരകം റോഡിൽ ഏറ്റവും തിരക്കേറിയതും വീതികുറഞ്ഞതുമായ ഭാഗമാണ് ചീപ്പുങ്കൽ ഭാഗം. ഇവിടെയാണ് ഇപ്പോൾ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റോഡ് പുറമ്പോക്ക് കയ്യേറി മണ്ണിട്ടുയർത്തി ഷെഡ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ നിരവധി സംഘടനകൾ അടക്കം ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. റോഡ് പുറമ്പോക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അയ്മനം പഞ്ചായത്ത് അനുമതി നൽകിയതായാണ് സഹകരണ സംഘത്തിന്റെ അവകാശവാദം. ഇത്തരത്തിൽ റോഡ് പുറമ്പോക്കിൽ നിർമ്മാണം നടത്താൻ പഞ്ചായത്ത് എങ്ങിനെ അനുവാദം നൽകുമെന്നാണ് ഇപ്പോൾ ആളുകൾ ചോദിക്കുന്നത്. ഈ നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രദേശവാസി മുൻസിഫ് കോടതിയെ സമീപിക്കുകയും ഇൻജക്ഷൻ ഓർഡർ നേടുകയും ചെയ്തത്. എന്നാൽ, കോടതി ഉത്തരവ് പരിഗണിക്കാതെയാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കോടതി ഉത്തരവ് ഉണ്ടായിട്ടും അനധികൃത നിർമ്മാണത്തിന് എതിരെ പഞ്ചായത്തോ പൊലീസോ നടപടിയെടുക്കുന്നതുമില്ല.