മണർകാട്: സമൂഹത്തിൻറെ നന്മയ്ക്കായി മെഴുകുതിരിപോലെ കത്തിതീരാൻ തയ്യാറായവളായിരുന്നു പരിശുദ്ധ ദൈവമാതാവെന്ന് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാ മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ ഈവാനിയോസ്. അതുകൊണ്ടാണ് പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയിൽ അഭയപ്പെടുമ്പോൾ അനുഗ്രഹങ്ങളെ പ്രാപിക്കാൻ കഴിയുന്നത്. എട്ടുനോമ്പ് ആചരണത്തിലൂടെ വിശ്വാസികൾ പരിശുദ്ധ കന്യകമറയാമിനെപോലെ കത്തിയെരിയുന്ന മെഴുകുതിരിയായി മാറണം. സഭയുടെയും സമൂഹത്തിൻറെയും ഇടവകയുടെയും കുടുംബത്തിൻറെയും നന്മയ്ക്ക് വേണ്ടി കത്തിയെരിഞ്ഞ് വിശ്വാസികൾ ലോകത്തിന് പ്രകാശമായി തീരണമെന്നും അദ്ദേഹം പറഞ്ഞു.


സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിനമായ ഇന്നലെ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുറിയാക്കോസ് മോർ ഈവാനിയോസ്, ഫാ. അരുൺ സി. ഏബ്രഹാം നല്ലില എന്നിവർ വചനസന്ദേശവും ഫാ. സ്റ്റീഫൻ ജ്ഞാനമറ്റവും സംഘവും ഗാനശുശ്രൂഷയും ഫാ. മാത്യൂസ് ചാലപ്പുറം ധ്യാനശുശ്രൂഷയും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും ഇന്ന്
എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള മെറിറ്റ് ഡേയും ഇടവകയിലെ മുതിർന്ന വയോജനങ്ങളെ ആദരിക്കലും ഇന്ന് നടക്കും. വൈകിട്ട് ആറിന് യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസിൻറെ അധ്യക്ഷതയിൽ ചേരുന്ന യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മുഖ്യപ്രഭാക്ഷണം നടത്തും. ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആദരിക്കും.
ഉന്നത ബഹുമതികൾ ലഭിച്ച ഇടവകാംഗങ്ങൾ, കഴിഞ്ഞ അധ്യയന വർഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാർത്ഥികൾ, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്കുള്ള മെറിറ്റ് അവാർഡ് വിതരണം എംജി സർവകലാശാല വൈസ് ചാൻസിലർ സി.ടി. അരവിന്ദകുമാർ നിർവഹിക്കും. കത്തീഡ്രൽ ട്രസ്റ്റി ജോർജ് സഖറിയ ചെമ്പോല സ്വാഗതവും കത്തീഡ്രൽ ട്രസ്റ്റി സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ കൃതജ്ഞതയും പറയും.
നേർച്ച കഞ്ഞിയിൽ പങ്കുചേർ വിശ്വാസികൾ
എട്ടുനോമ്പിനോട് അനുബന്ധിച്ച് കത്തീഡ്രലിൻറെ ചെറിയ പാരീഷ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന നേർച്ച കഞ്ഞിയിൽ പങ്കുചേരാൻ വിശ്വാസികളുടെ തിരക്ക്. ഏഴാം തീയതി അർദ്ധരാത്രി വരെയാണ് നേർച്ച കഞ്ഞി വിതരണം. എല്ലാ ദിവസം കത്തീഡ്രലിലെ കുർബാനയക്ക് ശേഷം 10.30ന് നേർച്ച കഞ്ഞിവിതരണം അരംഭിക്കും. വൈകുന്നേരം സന്ധ്യാപ്രാർഥനെയത്തുടർന്ന് ആറിനാണ് വൈകുന്നേരത്തെ കഞ്ഞിവിതരണം ആരംഭിക്കുന്നത്. രാത്രി പതിനൊന്ന് വരെയാണ് കഞ്ഞിവിതരണം. ചെറുപയർ, അച്ചാർ, ചമ്മന്തി പൊടി എന്നിവയോടൊപ്പം ചൂട് കഞ്ഞിയാണ് വിശ്വാസികൾക്കായി നൽകുന്നത്. അഞ്ച് ടൺ മുകളിൽ അരിയാണ് പ്രതിദിനം കഞ്ഞിതയ്യാറാക്കാൻ എടുക്കുന്നതെന്നും തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി നിരവധി വിശ്വാസികളാണ് നേർച്ച കഞ്ഞി സ്പോൺസർ ചെയ്യാനെത്തുന്നതെന്നും കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
മണർകാട് ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസിൻറെ മുഖ്യകാർമ്മികത്വത്തിൽ. രാവിലെ 11ന് പ്രസംഗം – പൗലോസ് മോർ ഐറേനിയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം – ഫാ. അലക്സാണ്ടർ പട്ടശേരി. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് – മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും.
ചടങ്ങുകൾ തൽസമയം
കത്തീഡ്രലിൻറെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്‌സൈറ്റിലും (https://manarcadpally.com) പെരുന്നാളിൻറെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും. എട്ടുനോമ്പ് പെരുന്നാളിൻറെ പ്രധാന ചടങ്ങുകൾ എ.സി.വി., ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്.
ക്യാപ്ഷൻ…….
സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന നേർച്ച കഞ്ഞിവിതരണം.