കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശം. ഇന്നു പുലർച്ചെയാണ് മഴയിലും കാറ്റിലും നാശ നഷ്ടമുണ്ടായത്. കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കു മുകളിൽ മരം കടപുഴകി വീണ് നാശ നഷ്ടമുണ്ടായി. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനു സമീപം ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ഇത്തരത്തിൽ മരം കടപുഴകി വീണത്. രാവിലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് നാശമുണ്ടായത്. നാട്ടകം പോളിടെക്‌നിക് കോളേജിനു സമീപം പോർട്ട് റോഡിലും മരം കടപുഴകി വീണു. പോർട്ട് റോഡിലെ ഗതാഗതം തടസപ്പെട്ടു. എം.സി റോഡിൽ ഗതാഗത തടസമില്ല. ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ നീണ്ടൂരിൽ ഒൻപതാം വാർഡ് കുന്നുപുറത്ത് ഷാജിയുടെ വീട്ടിലേയ്ക്ക് തേക്ക് മരം കടപുഴകി വീണു. ആർക്കും പരിക്കില്ല. ഇവിടെ തന്നെ അമ്മിണി വേലായുധന്റെ വീടിനു മുകളിലേയ്ക്കും മരം മറിഞ്ഞു വീണു. ഇവിടെയും അപകടം ഒഴിവായി.