ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ. സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടി 14 ദിവസങ്ങൾ നീണ്ട പാർവതാരോഹനത്തിന് ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഫഹദ് കീഴടക്കിയത്. നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ 28 കാരനായ മുഹമ്മദ് സഹദ് കഴിഞ്ഞ മാസം 11 നാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയിനറായ സഹദ് നേരത്തേയും പർവതം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരമുള്ള കേദാർകന്ത വഴി കാട്ടിയുടെ സഹായമില്ലാതെയാണ് സഹദ് അന്ന് കീഴടക്കിയത്. പശ്ചിമഘട്ട പർവതാരോഹകനായ സഹദ് ഇതിനകം 20 ലേറെ ട്രക്കിംഗുകൾ നടത്തിയിട്ടുണ്ട്. സിവിൽ സർവീസ് സ്വപ്നം കാണുന്ന സഹദിന് എവറസ്റ്റ് കീഴടക്കണമെന്നാണ് ആഗ്രഹം.