നെയ്യാറ്റിൻകര: സ്വത്തു തട്ടിയെടുക്കാനായി ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവിനെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച് നെയ്യാറ്റിൻകര അഡീഷണല്‍ ജില്ലാ കോടതി.കുന്നത്തുകാല്‍ ത്രേസ്യാപുരം, പ്ലാങ്കാല പുത്തൻവീട്ടില്‍ ശാഖാകുമാരി(52)യെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവ് അതിയന്നൂർ, അരുണ്‍നിവാസില്‍ അരുണി(32)നെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീർ ജീവപര്യന്തം കഠിന തടവിനും രണ്ടുലക്ഷംരൂപ പിഴയും അടയ്ക്കാൻ വിധിച്ചത്.
2020 ഡിസംബർ 26-ന് പുലർച്ചെ 1.30-നാണ് കൊലപാതകം നടന്നത്. ഇലക്‌ട്രീഷ്യനായ പ്രതി അരുണ്‍, തന്നേക്കാള്‍ 24 വയസ്സ് കൂടുതലുള്ള ശാഖാകുമാരിയെ പ്രണയിച്ചു വിവാഹം കഴിച്ചത് സ്വത്തു തട്ടിയെടുക്കാനായിട്ടായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷം കഴിഞ്ഞ് കിടന്ന ശാഖാകുമാരിയെ ബലപ്രയോഗത്തിലൂടെ പ്രതി ശ്വാസംമുട്ടിപ്പിച്ച് ബോധംകെടുത്തിയശേഷം ശരീരത്തില്‍ വൈദ്യുതി കടത്തിവിട്ടാണ് കൊലപ്പെടുത്തിയത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളെയും ശാസ്ത്രീയത്തെളിവുകളെയുമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. അവിവാഹിതയായി തുടർന്ന ശാഖാകുമാരിയെ അരുണ്‍ പ്രണയിച്ചു. തുടർന്ന് ഇവർ ഒക്ടോബർ 2020 29-ന് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശാഖാകുമാരിയുടെ വീട്ടുകാരും ബന്ധുക്കളും പങ്കെടുത്തെങ്കിലും അരുണും ഒരു സുഹൃത്തും മാത്രമാണുണ്ടായിരുന്നത്. വീട്ടുകാർ അറിഞ്ഞാല്‍ വിവാഹം മുടക്കുമെന്നു പറഞ്ഞാണ് അരുണ്‍ വീട്ടുകാരെ വിവാഹത്തിനു കൊണ്ടുവരാതിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹിതരാകുമ്ബോള്‍ ശാഖാകുമാരിയ്ക്ക് 52 വയസ്സും പ്രതിയായ അരുണിന് 28 വയസ്സുമായിരുന്നു പ്രായം. വിവാഹശേഷം അരുണ്‍, ശാഖാകുമാരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
വിവാഹശേഷം ശാഖാകുമാരിയുടെ സ്വത്തുക്കള്‍ തന്റെപേരിലെത്തുമെന്നതിനാലാണ് പ്രതി കൊലപാതകം നടത്തിയത്. വിവാഹശേഷം പ്രതി ശാഖാകുമാരിയുടെ പണമുപയോഗിച്ച് പല വാഹനങ്ങളും വാങ്ങിയിരുന്നു. ഒരിക്കല്‍ വീട്ടില്‍വെച്ച് ഓവൻ നന്നാക്കുന്നതിനിടെ പ്രതി ശാഖാകുമാരിയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നു.
കൊല നടത്തിയത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കുശേഷം
ശാഖാകുമാരിയുടെ വീട്ടില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കു വന്ന ബന്ധുക്കള്‍ പിരിഞ്ഞുപോയതിനുശേഷമാണ് പ്രതി കൊല നടത്തിയത്. രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന ശാഖാകുമാരിയെ ശ്വാസംമുട്ടിപ്പിച്ച് ബോധംകെടുത്തി. തുടർന്ന് ശാഖാകുമാരിയെ വലിച്ചിഴച്ച് ഹാളില്‍ കിടത്തി വയറും പ്ലഗും ഉപയോഗിച്ച് കൈയിലും മൂക്കിലും വൈദ്യുതി കടത്തിവിട്ട് ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശാഖാകുമാരിക്ക് ഷോക്കേറ്റ വിവരം അടുത്തദിവസം രാവിലെ പ്രതിതന്നെയാണ് നാട്ടുകാരെ അറിയിച്ചത്. മരിച്ചുകിടന്ന ശാഖാകുമാരിക്കു ജീവനുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പ്രതി അയല്‍വാസികളുടെ സഹായത്തോടെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയില്‍ മരണം മണിക്കൂറുകള്‍ക്കു മുൻപ് നടന്നതായി കണ്ടെത്തി.
ആശുപത്രി അധികൃതർ വെള്ളറട പോലീസില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ ചോദ്യംചെയ്യുമ്ബോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
ചീഫ് ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടർ പി.കെ. ഉഷാകുമാരി, അസിസ്റ്റന്റ് എൻജിനിയർ സുമ എന്നിവർ വിചാരണവേളയില്‍ പ്രധാന സാക്ഷികളായി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കല്‍ കോളേജിലെ സീനിയർ പോലീസ് സർജൻ ഡോ. എസ്. ഷാരിജ കോടതിയില്‍ നല്‍കിയ മൊഴിയും നിർണായകമായി.
വെള്ളറട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഡി. സദാനന്ദൻ, വി. രാജതിലക് എന്നിവർ പ്രാഥമികാന്വേഷണം നടത്തിയ കേസില്‍ ഇൻസ്പെക്ടർ എം. ശ്രീകുമാറാണ് കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്. പബ്ളിക് പ്രോസിക്യൂട്ടർ പാറശ്ശാല എ. അജികുമാർ കോടതിയില്‍ 44 സാക്ഷികളെ വിസ്തരിക്കുകയും കേസില്‍ ഉള്‍പ്പെട്ട 83 രേഖകളും 43 വസ്തുക്കളും കോടതിയില്‍ തെളിവിനായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മഞ്ജിതയും ഹാജരായി. എഎസ്‌ഐ ശ്രീകല ലെയ്സണ്‍ ഓഫീസറായി പ്രവർത്തിച്ചു.