കടുത്തുരുത്തി:ട്രെയിനിൽ നിന്ന് വീണ് കൊച്ചിൻ റിഫൈനറി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ചെറുകോൽ കുമാര ഭവനത്തിൽ കുമാരൻ്റെ മകൻ കെ സുമേഷ് കുമാർ (30) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.45 ഓടെയാണ് അപകടം. ഷൊർണൂരിൽ നിന്ന്തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വേണാട് എക്സ്പ്രസ്സിൽ നിന്ന് വീണാണ് അപകടമുണ്ടായത്. ട്രെയിനിൻ്റെ വലത്തെ ഡോറിലൂടെയാണ് തെറിച്ച് വീണത്.
വൈക്കം റോഡ് (ആപ്പാഞ്ചിറ ) റെയിൽവേസ്റ്റേഷന് തൊട്ട് മുൻപ് ട്രാക്കിന് സമീപം വീണ് കിടക്കുന്നത് കാൽ നടയാത്രക്കാരനാണ് കണ്ടത്. വിവരമറിഞ്ഞ് എത്തിയ റെയിൽവേ ജീവനക്കാരും നാട്ടുകാരും ഇയാളെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രെയിനിൽ നിന്നും ഒരാൾ താഴെ വീണ കാര്യം യാത്രക്കാരിൽ ഒരാൾ കോട്ടയം റെയിൽവേ പോലീസിൽ വിളിച്ച് അറിയിച്ചിരുന്നു. കൊച്ചിൻ റിഫൈനറി ജീവനക്കാരനാണ് സുമേഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. ഭാര്യ:പ്രവീണ. മാതാവ്:സുമ. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ.