വൈക്കം:തലയോലപറമ്പ് ബ്രഹ്മപുരം മാത്താനം ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചു നടന്ന പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. മാത്താനംക്ഷേത്രാങ്കണത്തിൽ രാവിലെ 8.45ന് ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലതന്ത്രികൾ ഭദ്രദീപ പ്രകാശനത്തിന് ശേഷം ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നു. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിത അടുപ്പിൽ അഗ്നി ജ്വലനം നടത്തിയതോടെ 600 ഓളം വനിതകൾ മാത്താനത്തമ്മയ്ക്ക് പൊങ്കാല സമർപ്പണം നടത്തി. 11.30ന് ബ്രഹ്മശ്രീ കുമരകം എം.എൻ. ഗോപാലതന്ത്രികൾ, മേൽശാന്തി ഹരീഷ് ഹരിഹരൻ എന്നിവർ പൊങ്കാല നിവേദ്യത്തിൽ തീർഥം തളിച്ചതിനെ തുടർന്ന് ഭക്തർ പൊങ്കാല നിവേദ്യം ദേവിക്ക് സമർപ്പിച്ച് പ്രാർഥനാ നിരതരായി. 12.30ന് ദേവസ്വം പ്രസിഡൻ്റ് കണ്ണൻകൂരാപ്പള്ളിയുടെ വഴിപാടായി നടന്ന പൊങ്കാല സദ്യയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.നാളെ രാവിലെ ഒൻപതിന് പൂരമിടി.12.30ന് ആറാട്ട് സദ്യ,വൈകുന്നേരം അഞ്ചിന് പാലാംകടവിലേക്ക് ആറാട്ടിന് പുറപ്പാട്. 6.30ന് തിരുആറാട്ട്. ഏഴിന് ആറാട്ടുകടവിൽ ദീപാരാധന, രാത്രി ഒൻപതിന് സ്വകാര്യ ബസ് സ്റ്റാൻഡിൽആറാട്ട് എതിരേൽപ്, കീഴുർ മധുസൂദന കുറുപ്പിൻ്റെ പ്രമാണിത്വത്തിൽ 35 കലാകാരൻമാർ പങ്കെടുക്കുന്നമേജർ സെറ്റ് പഞ്ചവാദ്യം. രാത്രി 10ന് വലിയ കാണിക്ക, തുടർന്ന് കൊടിയിറക്ക്. ഉത്സവ പരിപാടികൾക്ക് ദേവസ്വം പ്രസിഡൻ്റ് കണ്ണൻകൂരാപ്പള്ളി, വൈസ് പ്രസിഡൻ്റ് അജയകുമാർ പാല ശേരി, സെക്രട്ടറി ഷിനോജ് കരിമാന്താറ്റ് , ട്രഷറർ രജിമോൻ എരിത്തിക്കുഴി, മഹിളാ സമാജം പ്രസിഡൻ്റ് ലീലാ രമണൻ, സെക്രട്ടറി രതിബാബു തുടങ്ങിയവർ നേതൃത്വം നൽകി.