വൈക്കം: മൂവാറ്റുപുഴയാറിലേക്ക് മലിനജലം പുറന്തള്ളുന്ന വെള്ളൂർ കെ പി പി എൽ കമ്പനി അധികൃതരുടെ നടപടിക്കെതിരെ സി പി എം തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ 17ന് കെ പി പി എല്ലിലേക്ക് ബഹുജനപങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്തും.
കമ്പനിക്ക് മുന്നിൽ നടക്കുന്ന ധർണാ സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. മലിനീകരണം വൈക്കത്തെ അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങളെയും മൂവാറ്റുപുഴയാറിലെ വിവിധ കുടിവെള്ള പദ്ധതികളേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാലിന്യം നിക്ഷേപിക്കുന്നിടത്ത് ആഴംകൂട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നത് തടയുകയും ശുദ്ധീകരണ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുന്നതെന്ന് സമരസമിതി ചെയർമാൻ കെ.ശെൽവരാജ്, കൺവീനർ ഡോ.സി.എം. കുസുമൻ വൈസ് ചെയർമാൻ വി.ടി. പ്രതാപൻ ജോയിൻ്റ് കൺവീനർമാരായ പി.വി.ഹരിക്കുട്ടൻ, കെ.കെ.രമേശൻ, കെ.എസ്. വേണുഗോപാൽ എന്നിവർ പറഞ്ഞു.