പിറവം: വർഷങ്ങളായി യാത്രക്കാർക്ക് കയറാൻ സാധിക്കാത്ത വിധത്തിലായിരുന്ന കാഞ്ഞിരമറ്റം റയിൽവേ സ്റ്റേഷൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.പക്ഷിമൃഗാദികൾ കയറി വൃത്തിഹീനമാക്കി ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലായിരുന്നു സ്റ്റേഷൻ കെട്ടിടം.റയിൽവേ സ്റ്റേഷനിൽ ഫ്രാൻസിസ് ജോർജ് എം.പി. നടത്തിയ ജനസദസിൽ അനൂപ് ജേക്കബ് എം.എൽ.എ അടക്കമുള്ള ജനപ്രതികൾ ഇത് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഫ്രാൻസിസ് ജോർജ് എം.പി. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപൽയാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.ഇത് പ്രകാരംസ്റ്റേഷൻ കെട്ടിടത്തിൽ പുതിയ ടൈൽ ഇടുകയും ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും ചെയ്യും. ഇപ്പോൾ ഉപയോഗ ശൂന്യമായിരിക്കുന്ന രണ്ട് ബാത്ത് റൂം പുനർനിർമ്മിച്ച് ഉപയോഗപ്രദമാക്കും. പക്ഷിമൃഗാദികൾ കയറാത്ത വിധത്തിൽ മുറിക്ക് വാതിലുകളും ജനലുകളും സജ്ജമാക്കും.ഉയരം കുറഞ്ഞ പ്ലാറ്റ് ഫോം ഉയരം കൂട്ടുന്ന പണികളും ഉടൻ ആരംഭിക്കുമെന്നും ഫ്രാൻസിസ് ജോർജ് എം. പി. പറഞ്ഞു.