വെള്ളൂർ : വെള്ളൂർ – മുളക്കുളം -ചന്തപ്പാലം റോഡിൻ്റെ നിർമാണം പുനരാരംഭിക്കണമെന്നും കുണ്ടും കുഴിയുമായ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ – മുളക്കുളം – ചന്തപ്പാലം റോഡ് ജനകീയ സമിതി യുടെ നേതൃത്വത്തിൽ ഇന്ന് പ്രതിക്ഷേധജ്വാല തെളിച്ചു. ഇന്ന് വൈകുന്നേരം ആറു മുതൽ 6.30വരെ വെള്ളൂർ ബസ് സ്റ്റാൻഡ് മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെയാണ് പ്രതിഷേധജ്വാല തെളിച്ചത്. വെള്ളൂർ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി രൂപികരിച്ചത് .
റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 111 കോടി രൂപ വിനിയോഗിച്ച് 22 കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്നതായിരുന്നു പദ്ധതി. നിർമ്മാണം തുടങ്ങി 30 ശതമാനമായപ്പോഴേക്കും പണി നിലച്ചു. റോഡിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പലതവണ ഉറപ്പ് പറഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് ജനകീയ സമിതി സമരത്തിനിറങ്ങിയതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമരത്തിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രിയകക്ഷി നേതാക്കളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.