കോട്ടയം: കർണ്ണാടകയിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ് ഒരു രാത്രി മുഴുവൻ ട്രാക്കിനരികിലെ കുറ്റിക്കാട്ടിൽ കിടന്ന യുവാവിന് ജീവൻ തിരിച്ച് നൽകി കോട്ടയം റെയിൽവേ പൊലീസിന്റെ നിർണ്ണായക ഇടപെടൽ. കോട്ടയം പേരൂർ കാര്യാറ്റപ്പുഴ വീട്ടിൽ സുധീഷിന്റെ(29) ജീവൻ രക്ഷിക്കാനാണ് കോട്ടയം റെയിൽവേ പൊലീസിന്റെ നിർണ്ണായക ഇടപെടലുണ്ടായത്. ജൂൺ 14 ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ട്രെയിനിൽ ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്നു സുധീഷ്. ഈ സമയം ഇയാൾ ട്രെയിനിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് സുധീഷിന്റെ സഹോദരൻ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. തുടർന്ന് റെയിൽവേ പൊലീസ് സ്റ്റേഷൻ ഇന്റലിജൻസ് വിഭാഗം ഗ്രേഡ് എസ്.ഐ ഉദയൻ, കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി.ജോസഫ് എന്നിവരുടെ നിർദേശ പ്രകാരം റെയിൽവേ സൈബർ സെല്ലിന്റെ സഹായത്തോടെ അപകടത്തിൽപ്പെട്ട് കിടക്കുന്നയൾ വീണ് കിടക്കുന്ന സ്ഥലം കണ്ടെത്തി. ഇത് കർണ്ണാടകയിലെ കുപ്പം ആണ് എന്ന് കണ്ടെത്തിയ റെയിൽവേ പൊലീസ് സംഘം, ആർപിഎഫ് എ.എസ്.ഐ എൻ.എസ് സന്തോഷിന്റെ സഹായത്തോടെ ബാംഗ്ലൂർ ആർപിഎഫ്, ജി.ആർ.ഡി എന്നിവരുമായി സംസാരിച്ചു. തുടർന്ന് റെയിൽവേ ട്രാക്കിന്റെ അരികിലുള്ള കുറ്റിക്കാട്ടിൽ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന്് അബോധാവസ്ഥയിൽ കിടന്ന സുധീഷിനെ കണ്ടെത്തി. ഇതിന് ശേഷം പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇയാളെ ആശുപത്രിയിൽ എത്തിച്ചു. രാത്രി മുഴുവൻ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ രക്തം വാർന്ന് കിടന്ന സുധീഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ റെജി പി.ജോസഫ്, ഇന്റലിജൻസ് ഗ്രേഡ് എസ്.ഐ ഉദയൻ, കോട്ടയം ആർ.പി.എഫ് എ.എസ്.ഐ സന്തോഷ്, പി.ആർ.ഒ രാഹുൽമോൻ, ജി.ആർ.പി സൈബർ സെൽ ഉദ്യോഗസ്ഥർ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ്.