എടക്കര: പോത്തുകല്‍ മുണ്ടേരി ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി കോട്ടയത്തുനിന്നും വിദ്യാര്‍ഥികള്‍ എത്തി. കോട്ടയം പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷ്യക്കിറ്റുകളും ഗൃഹോപകരണങ്ങളും തൊഴിലുപകരണങ്ങളുമൊക്കെയായി മുണ്ടേരിയിലെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തിലായവര്‍ക്ക് വിദ്യാര്‍ഥികള്‍ സമാഹരിച്ച തുകയില്‍ നിന്ന് സഹായം എത്തിച്ചിരുന്നു. ഇതിനിടെയിലാണ് മുണ്ടേരിയിലെ ആദിവാസി കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്നതിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെയും വാര്‍ത്തകള്‍ ഇവര്‍ മാധ്യമങ്ങളിലൂടെ അറിയുന്നത്. കുത്തിയൊലിച്ചെത്തുന്ന മലവെള്ളത്തില്‍ ജീവന്‍ പണയപ്പെടുത്തി ചങ്ങാടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആദിവാസികളുടെ ദുരിതാവസ്ഥ മനസിലാക്കിയാണ് ഇവരെയും സഹായിക്കണമെന്ന ചിന്തയില്‍ കോട്ടയത്തെ വിദ്യാര്‍ഥികള്‍ പോത്തുകല്ലിലെത്തിയത്. പ്ലസ് വൺ വിദ്യാര്‍ഥികളായ വിദ്യാര്‍ഥികളായ ബിബിന്‍ ബിജു, ജോഹാന്‍ ജിത്ത് എന്നിവരില്‍ നിന്ന് സഹായം കൈമാറി നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ പി. കാര്‍ത്തിക് പരിപാടി ഉദ്ഘാടനം ചെയ്തു. പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. പ്രദീപ് വാഴത്തറ മലയില്‍, വൈസ് പ്രിന്‍സിപ്പല്‍ എ.ജെ. അഗസ്റ്റിന്‍, പി.ടി.എ പ്രതിനിധികളായ ഷിന്‍സ് പീറ്റര്‍, സുബിന്‍ നെടുംപുറം, പൊതുപ്രവര്‍ത്തകരായ ഹാരിസ് ബാബു ചാലിയാര്‍, ലിബിന്‍ പായിക്കാടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എന്‍. കവിത ,തങ്ക കൃഷ്ണ്ണ ,കെ ഷെറഫനിസ എന്നിവര്‍ സംബന്ധിച്ചു.