കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് ഇപ്പോഴത്തെ സർക്കാർ : മന്ത്രി കെ. രാജൻ

വൈക്കം:കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് ഇപ്പോഴത്തെ സർക്കാരെന്ന് മന്ത്രി കെ. രാജൻ. വൈക്കം ചെമ്മനത്തുകര ഐഎച്ച്ഡിപി നഗർ നിവാസികൾക്ക് പട്ടയം വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  മൂന്നുവർഷം കൊണ്ട് 1,80,882 പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്തത്. അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 

Advertisements

ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയശേഷമുള്ള കേരളചരിത്രത്തിൽ ഏറ്റവും കൂടുൽ പട്ടയം വിതരണം ചെയ്ത സർക്കാരാണിത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് 177,710 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ സർക്കാരിന്റെ മൂന്നാംവർഷം പൂർത്തിയായപ്പോൾ കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ പട്ടയം കൊടുത്ത സർക്കാരായി മാറിയെന്നും മന്ത്രി കെ. രാജൻ കൂട്ടിചേർത്തു. യോഗത്തിൽ 24 പേർക്കു മന്ത്രി പട്ടയം വിതരണം ചെയ്തു. ബാക്കിയുള്ള അർഹരായ 11 പേർക്കു നടപടിക്രമങ്ങൾ പൂർത്തിയാക്കി പട്ടയവിതരണം പൂർത്തിയാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1991-92ലാണ് കോട്ടയം ജില്ലയിലെ ഭൂരഹിതരായ 35 പട്ടികവർഗകുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വൈക്കം താലൂക്കിലെ ടിവിപുരം വില്ലേജിൽപെട്ട ചെമ്മനത്തുകര കോളനിയിൽ പട്ടികവർഗ വികസനവകുപ്പ് മുഖേന 3.92 ഏക്കർ സ്ഥലം വാങ്ങിയത്. 

ഈ സ്ഥലം 35 പ്ലോട്ടുകളായി തിരിച്ച് 35 കുടുംബങ്ങൾക്ക് നൽകി ബാക്കി പൊതു ആവശ്യത്തിനായി നീക്കിവയ്ക്കുകയും ചെയ്തു.

ഈ ഭൂമി പട്ടികവർഗ വിഭാഗത്തിലെ കൈവശക്കാർക്ക് നൽകുന്നതിനായി റവന്യൂ വകുപ്പിന് കൈമാറി ലാൻഡ് അസൈൻമെന്റ്  കമ്മറ്റിയുടെ ശിപാർശ സഹിതം പുറമ്പോക്കിൽ ചേർത്ത് പട്ടയ നടപടികൾ പൂർത്തിയാക്കിയിരുന്നു. നിലവിലുള്ള 35 കൈവശക്കാരിൽ ഐഎച്ച്ഡിപി ഓഫീസർ അംഗീകരിച്ച പട്ടികയിലുള്ള 24 പേർക്കാണ് പട്ടയം നൽകുന്നത്. ബാക്കിയുള്ള 11 കൈവശക്കാർ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് അവരുടെ അർഹത പരിശോധിച്ച് ഐഎച്ച്ഡിപി ഓഫീസർ  നൽകുന്ന പട്ടികപ്രകാരം പട്ടയം നൽകും.

വൈക്കം ടിവി പുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ ആധ്യക്ഷതവഹിച്ചു.  

ജില്ലാ കലക്ടർ ജോൺ വി.സാമുവൽ, ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. റാണിമോൾ, എസ്.ബിജു , പഞ്ചായത്ത് അംഗം സിനിഷാജി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, പാലാ ആർ ഡിഒ കെ.പി.ദീപ, ഐടിഡിപി പ്രോജക്ട് ഓഫീസർ എസ്. സജു , ഊരുകൂട്ടം മൂപ്പൻ എൻ.റെജിമോൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബി.സദാനന്ദൻ, കെ. കെ. ശശികുമാർ, ടെൽസൺ തോമസ് വെട്ടിക്കാപ്പള്ളി, ഹരി വാതലൂർ, അഡ്വ. പി. എ.സുധീരൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles