കോട്ടയം : ഓൺലൈനായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഗോൾഡ് മൈനിങ് നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 18.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ. കണ്ണൂർ കീഴൂർ പുന്നാട് ,മീതലെ ശ്രീരാഗം വീട്ടിൽ നാരായണൻ മകൻ പ്രദീഷ് എ കെ (42) യെ ആണ് വാകത്താനം വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ സി കെ മനോജ് അറസ്റ്റ് ചെയ്തത്. വാകത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ കാടമുറി സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഓൺലൈനായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഗോൾഡ് മൈനിങ് നടത്തി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. എട്ടു തവണകളായി 18.5 ലക്ഷം രൂപയാണ് കണ്ണൂർ സ്വദേശി തട്ടിയെടുത്തത്. 2024 ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഒരാൾ പരാതിക്കാരനെ സമീപിച്ച് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ഗോൾഡ് മൈനിങ് ചെയ്തു ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി ഒരു ആപ്ലിക്കേഷൻ(BGC) m.barrickgoldcapital.com എന്ന ലിങ്ക് വഴി മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കിയ ശേഷം ആപ്ലിക്കേഷൻ വഴി ട്രേഡ് ചെയ്യുന്നതിന്നതിന് നിർദ്ദേശിച്ചു. ആപ്ലിക്കേഷൻ്റെ ചാറ്റ് ഫംഗ്ഷൻ വഴി അയച്ചുകൊടുത്ത വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനെ കൊണ്ട് 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ഇത് തിരികെ ലഭിക്കുന്നതിന് വീണ്ടും 14 ലക്ഷം രൂപ ടാക്സ് അടയ്ക്കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായി എന്ന് പരാതിക്കാരന് മനസ്സിലായത്. ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തുന്ന ശരിയായ കമ്പനികളുടെ രൂപത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ ഉണ്ടാക്കിയാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. സൈബർ പോർട്ടലിൽ നൽകിയ പരാതി ലഭിച്ചതിനെ തുടർന്ന് വാകത്താനം പോലീസ് ഒക്ടോബർ അഞ്ചിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബാങ്കുകൾ വഴി തട്ടിയെടുത്ത പണം പ്രതി പിൻവലിച്ചിട്ടുള്ളതായി മനസ്സിലാക്കി ഇയാളെ പിടികൂടുകയായിരുന്നു. പ്രതി ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ അക്കൗണ്ടുകൾ തുടങ്ങുകയും ഇതിലൂടെ എത്തുന്ന പണം പിൻവലിച്ച് സംഘത്തിലെ മറ്റൊരാൾക്ക് കൈമാറുകയായിരുന്നു പതിനഞ്ചോളം അക്കൗണ്ടുകൾ ഇയാൾ ഇങ്ങനെ എടുത്തതായി അറിവായിട്ടുണ്ട്. ആയതിന്റെ വിവരങ്ങൾ അന്വേഷിച്ചു വരുന്നു.സംഘത്തിലെ മറ്റു പ്രതികളെ കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട് പ്രതിയെ ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കി.കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ് അവർകളുടെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ വിശ്വനാഥൻ്റെ മേൽനോട്ടത്തിൽ വാകത്താനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ അനിൽകുമാർ , എസ് ഐ ആന്റണി മൈക്കിൾ, സജീവ് ടി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് കുമാർ ,അനിൽ കെ. സി , സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ മാരായ പ്രദീപ് വർമ്മ,ശ്യാം കുമാർ, അഭിലാഷ്, സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥനായ സതീഷ് എന്നിവർ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്