കൊഴുപ്പില്ല, മധുരമില്ല, കൃത്രിമ നിറങ്ങളുമില്ല;രുചിയിലും ഗുണമേന്മയിലും ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങി മലയാളിയുടെ നാടൻ വാറ്റായ “മണവാട്ടി” 

കൊച്ചി, : ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയ ഇന്ത്യൻ നാടൻ വാറ്റായ ‘മണവാട്ടി’ക്ക് ആഗോളതലത്തിൽ അംഗീകാരം. ലോക മദ്യവിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളിൽ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ലോകത്തെ വിവിധ മദ്യ ബ്രാൻഡുകൾ മത്സരിച്ച ലണ്ടൻ സ്പിരിറ്റ്സ് കോമ്പറ്റീഷൻ 2025ൽ വെങ്കല മെഡൽ, ഇന്റർനാഷണൽ വൈൻ ആൻഡ് സ്പിരിറ്റ് കോമ്പറ്റിഷൻ വാർഷിക പുരസ്‌കാര വേദിയിൽ ‘സ്പിരിറ്റ് ബ്രോൺസ് 2025’ തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്‌കാരങ്ങളാണ് “മണവാട്ടി” സ്വന്തമാക്കിയത്. കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് ‘മണവാട്ടി പുരസ്‌കാരത്തിന് അർഹയായത്.

Advertisements

കൊച്ചി കടവന്ത്ര സ്വദേശിയായ ജോൺ സേവ്യർ യുകെയിൽ സ്ഥാപിച്ച ലണ്ടൻ ബാരൺ എന്ന കമ്പനിയാണ് ‘മണവാട്ടി’ നിർമിക്കുന്നത്. നിരവധി വിദേശ മദ്യബ്രാൻഡുകളെ പിന്തള്ളിയാണ് നേട്ടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രിസർവേറ്റിവുകളോ കൃത്രിമ നിറങ്ങളോ ചേർക്കാതെ തീർത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് “മണവാട്ടി”യെ വിദേശികൾക്കിടയിൽ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ ഒട്ടും ഇല്ലെന്ന പ്രത്യേകതയും “മണവാട്ടി”ക്ക് ഗുണകരമായി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ വാറ്റിയെടുക്കുന്ന ‘മണവാട്ടിയിൽ 44% ആണ് ആൽക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തിൽ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിർമാണത്തിന് അവലംബിക്കുന്നത്.  ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനിൽ പ്രവർത്തിക്കുന്ന ക്യാമ്പ്ഡൻ ബി. ആർ. ഐ എന്ന മുൻനിര സ്ഥാപനമാണ് “മണവാട്ടി”ക്ക് ഫുൾ മാർക്ക് നൽകിയിട്ടുള്ളത്.

പുരസ്‌കാര നിർണയത്തിൽ മദ്യങ്ങളുടെ രുചി ഒരു പ്രധാന ഘടകമായിരുന്നു.  മത്സരിക്കാനെത്തുന്ന ഓരോ മദ്യവും രുചിച്ചു നോക്കിയ ശേഷമാണ് വിദഗ്ധരായ ജഡ്‌ജുമാർ വിധിയെഴുതുന്നത്. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ ഗുണമേന്മ, വിലനിലവാരം, പാക്കേജിങ്, വിപണനസാദ്ധ്യതകൾ, ഈടാക്കുന്ന വിലയ്ക്ക് കിട്ടുന്ന മൂല്യം എന്നീ ഘടകങ്ങളും കൂടി പരിഗണിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന മറ്റ്  ബ്രാൻഡുകൾക്ക് ഒന്നും തന്നെ ഇത്തവണത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മദ്യനിർമാണത്തിൽ പരമ്പരാഗതമായ നാടൻ രീതികൾ ആഗോളതലത്തിൽ എത്തിച്ചതിനുള്ള പ്രതിഫലമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടൻ ബാരൺ ലിമിറ്റഡിന്റെ ഡയറക്ടർ ജോൺ സേവ്യർ പറഞ്ഞു. ബാറുടമകളും മിക്സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ തെരെഞ്ഞെടുക്കയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ജനകീയ ബ്രാൻഡായിട്ടാണ് “മണവാട്ടി”യെ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ ഗ്രേ മക്കെൻസീ ആൻഡ് പാർട്ട്ണേഴ്‌സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും “മണവാട്ടി” ലഭ്യമാണ്. കേരളത്തിൽ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും യാത്രക്കാർക്ക് വാങ്ങാം.

Hot Topics

Related Articles