കോട്ടയം: കോട്ടയം സ്വദേശിയായ മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് അക്കൗണ്ടിൽ ഉണ്ടായിരുന്ന രണ്ടേ മുക്കാൽ ലക്ഷത്തിൽ പരം രൂപ തന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുത്ത കേസിൽ ആസാം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ അമിത് ഉറാങ്ങ് (23) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യവയസ്കന്റെ വീട്ടിൽ ജോലി ചെയ്തു വന്നിരുന്ന ഇയാൾ ഇവിടെ നിന്നും മധ്യവയസ്കന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയുകയും, തുടർന്ന് അക്കൗണ്ടിൽ ഉണ്ടായിരുന്ന 2,78,748 (രണ്ടു ലക്ഷത്തി എഴുപത്തിയെട്ടായിരത്തി ഏഴുനൂറ്റി നാൽപത്തിയെട്ട് ) രൂപ തന്റെ അക്കൗണ്ടിലേക്ക് ഫോൺ മുഖേന ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ പണം അമിതിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തുകയും , തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണം പോയ മൊബൈൽ ഫോൺ പോലീസ് ഇയാളിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ ജയകുമാർ, സിജു കെ.സൈമൺ, സി.പി.ഓ മാരായ രാജേഷ്, രഞ്ജിത്ത്.വി, രഞ്ജിത്ത്.ജി, സലമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.