ന്യൂഡൽഹി : ലോക്സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് പരമാവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്താൻ റെയില്‍വേക്കുമേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമെന്ന് ആരോപണം.പണിപൂർത്തിയായിട്ടില്ലാത്തവ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി തുടങ്ങിക്കഴിഞ്ഞവ ഉള്‍പ്പെടെയുള്ളവയുടെ ശിലാസ്ഥാപനവും ഒരുമിച്ചുനടത്തി റെക്കോഡിടാനാണ് റെയില്‍വേ ഒരുങ്ങുന്നത്. തിങ്കളാഴ്ചയാണ് രാജ്യത്തെ വിവിധയിടങ്ങളിലായി ഉദ്ഘാടനപരിപാടി.
ലോക്സഭാതിരഞ്ഞെടുപ്പില്‍ ഭരണകക്ഷി റെയില്‍വേയെ മുഖ്യ പ്രചാരണായുധമാക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞവർഷം ബജറ്റില്‍ പ്രഖ്യാപിച്ച പലപദ്ധതികളുടെയും നിർമാണം കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് റെയില്‍വേ ആരംഭിച്ചത്. 554 അമൃത് ഭാരത് സ്റ്റേഷനുകളുടെ തറക്കല്ലിടലും 1500 മേല്‍പ്പാലങ്ങള്‍, റോഡ് അടിപ്പാതകള്‍ എന്നിവയുടെ ഉദ്ഘാടനവും വൻവിജയമാക്കാനാണ് റെയില്‍വേ ഡിവിഷനുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി താഴേത്തട്ടിലുള്ള ജീവനക്കാർമുതല്‍ മുതിർന്ന ഓഫീസർമാർവരെ രാപകല്‍ഭേദമില്ലാതെ ജോലിചെയ്യുകയാണ്. പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനങ്ങളും ഒറ്റദിവസം രാജ്യംമുഴുവൻ നടത്താൻ ഏതാനും ആഴ്ചകള്ക്കുമുമ്ബാണ് തീരുമാനിച്ചത്. ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചതോടെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്ത് എൻജിനിയറിങ്, മെക്കാനിക്കല്‍, സിഗ്നലിങ്, ഓപ്പറേഷൻ തുടങ്ങിയ പ്രധാനവകുപ്പുകളിലെ ഉദ്യോഗസ്ഥർ രാവിലെ 9.30-ന് ഓഫീസിലെത്തിയാല്‍ രാത്രി ഒമ്ബതുവരെയാണ് ജോലിചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തറക്കല്ലിടുന്നത് തിങ്കളാഴ്ചയാണെങ്കിലും പല അമൃത് ഭാരത് സ്റ്റേഷനുകളിലും മാസങ്ങള്‍ക്കുമുമ്ബ് പണി തുടങ്ങിയിരുന്നു. ചില സ്റ്റേഷനുകളുടെ നിർമാണം അവസാനഘട്ടത്തിലുമാണ്. ഉദ്ഘാടനങ്ങളുടെ ഭാഗമായി സ്കൂള്‍വിദ്യാർഥികള്‍ക്കായി രാജ്യംമുഴുവൻ മത്സരങ്ങള്‍ നടത്തി. ഇതിനുപുറമേ റെയില്‍വേ സോണുകളില്‍നിന്ന് ദിവസവും പത്രക്കുറിപ്പുകള്‍ തയ്യാറാക്കണം. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇവ ആസൂത്രണംചെയ്യുന്നത്. ഇതെല്ലാം ഭരണകക്ഷിയുടെ പ്രചാരണത്തിനായാണ് ഉപയോഗിക്കുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തുന്നു.