ഏറ്റുമാനൂർ : വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ക്രൂരമായി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് ഞരളിക്കോട്ടിൽ വീട്ടിൽ അമൽ സെബാസ്റ്റ്യൻ (27), അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ ഇർഫാൻ ഇസ്മയിൽ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനേഴാം തീയതി രാത്രി 11:00 മണിയോടുകൂടി കുടുംബ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ വട്ടമല കോളനിക്ക് സമീപം വച്ച് തടഞ്ഞുനിർത്തുകയും, ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന പെപ്പെർസ്പ്രേ മുഖത്തടിച്ച ശേഷം ഇരുമ്പ് വടി കൊണ്ട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. യുവാവിന്റെ പിതാവിനെ അമൽ സെബാസ്റ്റ്യൻ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പിടികൂടുകയുമായിരുന്നു. അമൽ സെബാസ്റ്റ്യന് തലയോലപ്പറമ്പ് സ്റ്റേഷനിലും, ഇർഫാന് ഏറ്റുമാനൂർ, കടുത്തുരുത്തി, ഗാന്ധിനഗർ, പാല എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകള്‍ നിലവിലുണ്ട് . ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ തോമസ് ജോസഫ്, ജയപ്രകാശ്, സിനിൽ, ഗിരീഷ്, സി.പി.ഓ മാരായ രതീഷ്, ധനീഷ്, സുനിൽ കുര്യൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.