കുമരകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുമരകത്തും പരിസര പ്രദേശങ്ങളിലും ആഗസ്റ്റ് 21 ന് പുലർച്ചെ ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. 46 എൽ ടി പോസ്റ്റുകളും, 4 എച്ച് ടി പോസ്റ്റുകളും ഒടിയുകയും, 36 ഇടങ്ങളിൽ കമ്പി പൊട്ടുകയും, 20 സ്ഥലങ്ങളിൽ മരം ലൈനിൽ വീഴുകയുമുണ്ടായി . ഇതോടനുബന്ധിച്ച് കുമരകം സെക്ഷൻ പരിധിയിലുള്ള 5 എച്ച് ടി ഫീഡറുകൾ തകരാറിലാവുകയും ചെയ്തു.പിറ്റേ ദിവസം 4 സ്ഥലങ്ങളിൽ കമ്പി പൊട്ടുകയും ഒരു എച്ച് ടി പോസ്റ്റും ഒരു എൽ ടി പോസ്റ്റും മറിയുകയും ഉണ്ടായി.
സംഭവ ദിവസമായ 21 ന് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പോസ്റ്റ് ഒടിയുകയും കമ്പി പൊട്ടുകയും ചെയ്ത എല്ലാ പ്രദേശങ്ങളിലെയും വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കുകയാണ് ചെയ്തത്. തുടർന്ന് പിറ്റേ ദിവസം 6 എൽ ടി പോസ്റ്റ്, 2 എച്ച് ടി പോസ്റ്റ്, 26 ഇടങ്ങളിൽ കമ്പി പൊട്ടിയത് എന്നിവ ശരിയാക്കുകയും പകുതിയോളം സ്ഥലങ്ങളിൽ മരം വീണത് വെട്ടി മാറ്റുകയും ചെയ്തു. ബാക്കിയുള്ള കമ്പി പൊട്ടിയതും പോസ്റ്റ് മാറ്റി സ്ഥാപിക്കേണ്ടതും മരം ലൈനിൽ വീണത് മുറിച്ചു മാറ്റേണ്ടതുമായ ജോലികൾ 23 ന് വൈകുന്നേരത്തോടെ പരിഹരിച്ച് എല്ലാ പ്രദേശങ്ങളിലും വൈദ്യുതി പുനഃ സ്ഥാപിക്കുവാൻ സാധിച്ചു. പ്രകൃതിക്ഷോഭം മൂലം ഉണ്ടായ വൈദ്യുതി തകരാർ സമയബന്ധിതമായി പുനഃസ്ഥാപിക്കുന്നതിന് കുമരകം സെക്ഷനിലെ എല്ലാ ജീവനക്കാരുടെയും, കോൺട്രാക്ട് ജീവനക്കാരുടെയും, പള്ളം ഡിവിഷന്റെ കീഴിലുള്ള മറ്റ് സെക്ഷനുകളിലെ ജീവനക്കാരുടെയും രാപകലില്ലാതെയുള്ള അദ്ധ്വാനം, മേലുദ്യോഗസ്ഥരുടെ സഹായ സഹകരണങ്ങൾ എന്നിവ ഏകോപിപ്പിച്ചതിന്റെ ഫലമായാണ് സാധ്യമായത്. ഈ അവസരങ്ങളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിനോട് സഹകരിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും കുമരകം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ നന്ദി രേഖപ്പെടുത്തുന്നതായും കുമരകം കെഎസ്ഇബി അധികൃതർ അറിയിച്ചു.