ചിങ്ങവനം: കഴിഞ്ഞ ദിവസം ചിങ്ങവനത്ത് വിരണ്ടോടിയ പോത്തിനെ മറിച്ചു വിൽക്കാൻ ശ്രമമെന്നു ആരോപണം. രണ്ടു ദിവസമായി ചിങ്ങവനം പുത്തൻപാലം കാവനാടിപാലത്തിന് സമീപം അമ്പാട്ടുപറമ്പിൽ കെട്ടിയിട്ടിരിക്കുന്ന പോത്തിനെ മറിച്ചു വിൽക്കാൻ ശ്രമമെന്നാണ് ആരോപണം. പോത്തിനെ സമീപ വാസിയായ ആൾ വിൽക്കുന്നതിനായി ഇറച്ചി വ്യാപാരികളെ വിളിച്ചു വരുത്തിയതായി ആരോപണം ഉണ്ട്. അധികൃതർ അറിയാതെ രഹസ്യമായി പോത്തിനെ മറിച്ചു വിൽക്കാൻ നടത്തുന്ന ശ്രമത്തിന് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒരു പകൽ മുഴവൻ നാടിനെ വിറപ്പിച്ച പോത്തിനെ നാട്ടുകാർ പിടികൂടി പിടിച്ചു കെട്ടിയത്. കോട്ടയം നഗരസഭ 38 ആം വാർഡിന്റെ വിവിധ ഭാഗങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം പോത്ത് വിരണ്ടോടിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പോത്തിനെ മണിക്കൂറുകളോളം പരിശ്രമിച്ച് അമ്പാട്ടുപറമ്പ് ഭാഗത്ത് വച്ച് പിടിച്ചു കെട്ടുകയായിരുന്നു. ഇതിന് ശേഷം പൊലീസും, നഗരസഭ കൗൺസിൽ സൂസൻ കെ.സേവ്യറും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും പോത്തിന്റെ ഉടമയെ കണ്ടെത്താൻ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു പോത്തിനെ ലേലം ചെയ്തു വിൽക്കാൻ ആലോചന പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രദേശത്തുള്ള ചിലർ ചേർന്ന് പോത്തിനെ രഹസ്യമായി കൈമാറാൻ നീക്കം നടക്കുന്നത്. പ്രദേശത്ത് തന്നെയുള്ള ഒരു ഇറച്ചി വ്യാപാരിയുടെ പോത്താണ് ഇത് എന്ന് പ്രചാരണം നടത്തി ഇയാൾക്ക് തന്നെ പോത്തിനെ മറിച്ചു വിൽക്കാനാണ് നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരും, നഗരസഭ അംഗവും അടക്കമുള്ളവർ ഒരുങ്ങുന്നത്.