കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പിൽ നഗരസഭയുടെ പക്കലില്ലാത്ത കണക്ക് കണ്ടെത്തി ക്രൈംബ്രാഞ്ച. പെൻഷൻ ഫണ്ടി തട്ടിപ്പിലൂടെ സ്വന്തം അക്കൗണ്ടിലേയ്ക്ക് അഖിൽ സി.വർഗീസ് എന്ന കൊല്ലം സ്വദേശിയായ കോട്ടയം നഗരസഭയിലെ മുൻ അക്കൗണ്ടന്റ് രണ്ടു കോടി 39 ലക്ഷം രൂപയാണ് മാറ്റിയതെന്നാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നഗരസഭയിൽ നിന്നും ഇതുവരെയും പൂർണമായും പെൻഷൻ ഫണ്ടിന്റെ കണക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. എത്ര രൂപ, ഏതൊക്കെ അക്കൗണ്ടിലേയ്ക്കു അഖിൽ കൈമാറ്റം ചെയ്തു എന്നത് സംബന്ധിച്ചു ഇനിയും നഗരസഭയിൽ നിന്നും അന്വേഷണ സംഘത്തിന് മതിയായ രേഖകൾ ലഭിച്ചിട്ടില്ല. എന്നാൽ, ക്രൈംബ്രാഞ്ച് സംഘം ബാങ്കിൽ നിന്നും അഖിലിന്റെ അക്കൗണ്ട് വിശദാംശങ്ങൾ ശേഖരിച്ചപ്പോഴാണ് പല തവണയായി 2.39 കോടി രൂപയാണ് അഖിൽ സ്വന്തം അക്കൗണ്ടിലേയ്ക്കു മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇയാളുടെ അക്കൗണ്ടിൽ നിലവിൽ ഒരു രൂപ പോലുമില്ല. മുഴുവൻ തുകയും അഖിൽ സ്വന്തം അക്കൗണ്ടിൽ നിന്നും മാറ്റിയെടുത്തിട്ടുണ്ട്. എന്നാൽ, നഗരസഭയുടെ മറ്റ് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ മറ്റ് ഏതെങ്കിലും അക്കൗണ്ടിലേയ്ക്ക് അഖിൽ പണം വകമാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കൂ. എന്നാൽ, ഇതിന് നഗരസഭയിലെ പെൻഷൻ രേഖകൾ അന്വേഷണ സംഘത്തിന് ലഭിക്കണം. ഇതുവരെയും ഇതു സംബന്ധിച്ചുള്ള രേഖകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുമില്ല.
ഇതിനിടെ അഖിൽ സി.വർഗീസ് സംസ്ഥാനത്തിനു പുറത്തേയ്ക്കു കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിൽ അടക്കം പ്രാഥമിക അന്വേഷണം നടത്തി. എന്നാൽ, ഇയാളെപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാൾ വിദേശത്തേയ്ക്കു കടക്കാതിരിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.