ഏറ്റുമാനൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്യാൻ കോട്ടയം സമഗ്ര വനിത ക്യാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്യാമ്പ് സംഘടിപ്പിച്ചത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിൽ ബോധവൽക്കരണം ഊർജിതമാക്കുക, രോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്ന ഓറൽ ക്യാൻസർ, ഗർഭാശയ ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ എന്നിവയാണ്.ഈ ക്യാൻസറുകൾ ആരംഭത്തിലെ കണ്ടുപിടിക്കുന്നത് വഴി മികച്ച ചികിത്സ ഉറപ്പാക്കാനും രോഗ വ്യാപനം തടയാനും സാധിക്കുന്നു. ബ്ലോക്ക് തല ഉദ്ഘാടനം അയ്മനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിച്ചിരുന്നു.
അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന മെഗാ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ എം ബിന്നു അധ്യക്ഷനായിരുന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ എസ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയിംസ് കുര്യൻ, എസ്സി തോമസ്, ഓങ്കോളജിസ്റ്റ് ഡോ.ശബരിനാഥ്, ഡോ.ധന്യ സുശീലൻ, ഡോ.നിസ്സി കെ ജെ, മാസ് മീഡിയ ഓഫീസർ ടോമി ജോൺ,എന്നിവർ സംസാരിച്ചു.ഗൈനക്കോളജി, ദന്തൽ, സർജറി, പതോളജി, ഓങ്കോളജി വിഭാഗങ്ങളിൽ പരിശോധന നടന്നു.