തിരുവനന്തപുരം: ഉയർന്ന വൈദ്യുതി ഉപഭോഗം കാരണം കറണ്ട് ബില്ലില്‍ ഉണ്ടാകുന്ന വർദ്ധനവില്‍ നിന്ന് രക്ഷനേടാൻ ഉപഭോക്താക്കള്‍ക്ക് നിർദ്ദേശവുമായി കെ.എസ്.ഇ.ബി.പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം ആറുമണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധികനിരക്ക് ബാധകമാണ്. എന്നാല്‍ രാവിലെ ആറിനും വൈകിട്ട് ആറിനുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
വീട്ടിലെ വൈദ്യുത വാഹന ചാർജിംഗും വൈദ്യുതി വലിയ തോതില്‍ ഉപയോഗിക്കുന്ന പമ്ബ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലില്‍ വലിയ ലാഭം നേടാമെന്ന് നിർദേശിച്ചു. ഉയർന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം ആറ് മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ 35 ശതമാനം വരെ ലാഭം നേടാമെന്നും കെ.എസ്.ഇ.ബി ചൂണ്ടിക്കാണിച്ചു.അതേസമയം ഫെബ്രുവരിയിലെ ബില്ലില്‍ യൂണിറ്റിന് 9 പൈസ നിരക്കില്‍ വൈദ്യുത ചാർജ് കുറയുമെന്ന് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ധന സർചാർജ് ഇനത്തിലാണ് കുറവ് ഉണ്ടാകുക. ജനുവരി 31 വരെ 19 പൈസയായിരുന്നു സർചാർജ് ഇനത്തില്‍ പിരിച്ചിരുന്നത്. ഇതില്‍ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയില്‍ പിരിക്കുന്നതും 9 പൈസ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. 2024 സെപ്റ്റംബർ വരെയുള്ള കാലയളവില്‍ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസ സർചാർജ് ഈ മാസം അവസാനിക്കും. അതിനാലാണ് ബില്ലില്‍ 9 പൈസ കുറയുന്നത്.