തലയോലപ്പറമ്പ് : സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറിയായി ഡോ. സി എം കുസുമൻ തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഗവ. ആശുപത്രിയിൽ കാത്ത് ലാബ് സൗകര്യം ഏർപ്പെടുത്താൻ ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ മൂലം വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന സാഹചര്യമാണുള്ളത്. ചികിത്സാ സംവിധാനങ്ങളുള്ള കോട്ടയം, എറണാകുളം മേഖലകളിലെ ആശുപത്രികളിൽ എത്തിക്കുമ്പോഴേക്കും പലരുടെയും ജീവൻ നഷ്ടപ്പെട്ട ദുഃഖകരമായ സ്ഥിതിയുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോൾ തടസ്സപ്പെട്ട് കിടക്കുന്ന മുളക്കുളം ഏഴുമാന്തുരുത്ത് റോഡ് ഗതാഗതയോഗ്യമാക്കുക, നിർമാണ മേഖലയിലെ തൊഴിൽ നഷ്ടം പരിഹരിക്കാൻ മണൽവാരൽ നിരോധനം പിൻവലിക്കുക, വടയാർ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ ആറ്റുതീര ബണ്ട് സ്ഥാപിക്കുക, കൃഷിക്ക് സഹായകരമാകുവാൻ കുറുന്തറപുഴയിലെയും ഉൾതോടുകളിലെയും നീരൊഴുക്ക് വർദ്ധിപ്പിക്കാനും പാടശേഖരങ്ങൾക്ക് പുറംബണ്ട് നിർമിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കാനും നടപടി സ്വീകരിക്കുക, കെപിപിഎല്ലിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സീതാറാം യെച്ചൂരി നഗറിൽ(പാലസ് കൺവൻഷൻ സെന്റർ തലയോലപ്പറമ്പ്) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതുചർച്ചയോടെയാണ് ആരംഭിച്ചത്. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ് എന്നിവർ മറുപടി പറഞ്ഞു. പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയാസെക്രട്ടറി കെ ശെൽവരാജ് മറുപടി പറഞ്ഞു. സിപി എം ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ് എന്നിവർ സംസാരിച്ചു. എ പത്രോസ് നന്ദി പറഞ്ഞു.പൊതുസമ്മേളനം നാളെ ശനി വൈകിട്ട് നാലിന് ആശുപത്രിക്കവലയിൽനിന്ന് ചുവപ്പുസേനാ മാർച്ച്, പ്രകടനം. അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ(തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്) പൊതുസമ്മേളനം സിപി എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ അധ്യക്ഷനാകും.