കോട്ടയം : ചങ്ങനാശേരി ഡിപ്പോയില്‍നിന്നും കോട്ടയം, കുമളി, കമ്ബം, തേനി, പെരിയകുളം വഴി പഴനിക്കു പോകുന്ന സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ചങ്ങനാശേരിക്കു നഷ്ടമാകുന്നു. ഈ സര്‍വീസ് ഇന്ന് ചേര്‍ത്തല ഡിപ്പോയിലേക്ക് നീക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വരുമാനം കുറവെന്ന കാരണത്താലാണ് ഈ സര്‍വീസ് ചേര്‍ത്തല ഡിപ്പോയിലേക്ക് നീക്കുന്നത്. നേരത്തെ രാവിലെയും വൈകുന്നേരവുമായി രണ്ട് സര്‍വീസാണ് പഴനിക്കു നടത്തിയിരുന്നത്. കോവിഡിനുശേഷം ഒരു സര്‍വീസായി കുറച്ചു.
രാത്രി 7.10ന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു പുലര്‍ച്ചെ നാലിന് പഴനിയിലെത്തി രാവിലെ എട്ടിന് അവിടെനിന്നു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ചങ്ങനാശേരിയില്‍ തിരിച്ചെത്തുന്ന സര്‍വീസാണ് ഇത്. നിരവധി ഭക്തര്‍ക്ക് പഴനി ക്ഷേത്ര ദര്‍ശനത്തിന് ഉപകരിച്ചിരുന്ന സര്‍വീസാണ് അന്യമാകുന്നത്.ഈ സര്‍വീസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, വടക്കുംചേരി, നെന്മാറ, കൊല്ലങ്കോട്, പൊള്ളാച്ചി വഴി പഴനിയില്‍ എത്തുംവിധം ഷെഡ്യൂള്‍ പുനഃക്രമീകരിക്കണമെന്ന് ജീവനക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ പരിഗണിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം മൂന്നും പിന്നെ രണ്ടര ഡ്യൂട്ടിയും ജീവനക്കാര്‍ക്ക് നല്‍കിയാണ് 615 കിലോമീറ്റര്‍ ദൂരം ഈ സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ പിന്നീടത് രണ്ട് ഡ്യൂട്ടിയും 75 മിനിറ്റിന്റെ അലവന്‍സുമായി ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറച്ചതോടെയാണ് ഈ സര്‍വീസ് നഷ്ടത്തിലേക്കു കൂപ്പുകുത്തിയത്. രാത്രി സര്‍വീസായതിനാല്‍ ഡ്രൈവറും കണ്ടക്ടറും ഉറക്കമിളച്ച് ജോലി ചെയ്യേണ്ട സര്‍വീസാണ്. ഈ സര്‍വീസിനോട് അധികൃതര്‍ മുഖം തിരിച്ചതോടെയാണ് ചങ്ങനാശേരിക്ക് ഈ സര്‍വീസ് നഷ്ടമാകുന്നത്. ഈ സര്‍വീസ് ചങ്ങനാശേരി ഡിപ്പോയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യമുന്നയിച്ച് വിവിധ സംഘടനകള്‍ സമരരംഗത്തെത്തിക്കഴിഞ്ഞു.