മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് പ്രധാന കാർമികത്വത്തിൽ ഇന്ന് വൈകുന്നേരം നടന്ന സന്ധ്യാപ്രാർഥനയോടെയാണ് നോമ്പ് ആചരണത്തിന് തുടക്കമായത്. സന്ധ്യാപ്രാർഥനയെത്തുടർന്ന് തോമസ് മോർ തിമോത്തിയോസിന്റെയും വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ ചുറ്റിവിളക്ക് തെളിച്ചു.
നേർച്ച കഞ്ഞി, വിൽപ്പന ക്യാന്റീൻ, മാമേജ്മെന്റ് ക്യാൻ്റീൻ എന്നിവടങ്ങളിലേക്ക് വൈദികർ കൽക്കുരിശിൽനിന്ന് ദീപം പകർന്നു നൽകി. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ച വിവിധ കൗണ്ടറുകളുടെ കൂദാശ വൈദികർ നിർവഹിച്ചു. വൈദ്യുത ദീപാലങ്കാരത്തിൻറെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റുമിൻറെ ഉദ്ഘാടനവും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണർകാട് ദേശത്തിന് ഇനിയുള്ള എട്ടു ദിനരാത്രങ്ങൾ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളാണ്. പള്ളിയിൽ ഭജനയിരുന്നു നോമ്പുനോറ്റും ഉപവാസമെടുത്തും പള്ളിയിൽ കഴിയാൻ നാനാജാതി മതസ്ഥരായ വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ എത്തിത്തുടങ്ങി. ഇനിയുള്ള എട്ടുദിനങ്ങളിലും മാതാവിനോടുള്ള പ്രാർഥനകളും അപേക്ഷകളും ലുത്തിനിയകളും വേദവായനകളും ഒക്കെ മുഴങ്ങുന്ന ആത്മീയ അനുഭൂതിയുടെ അന്തരീക്ഷമായിരിക്കും പള്ളിയിലും പരിസരങ്ങളിലും. പ്രാർത്ഥനാപൂർവ്വം വന്നെത്തുന്നവർക്കായി ഒരുനാട് ഒന്നടങ്കം കാത്തിരിക്കുന്ന അപൂർവകാഴ്ച്ചയാണ് മണർകാട് എട്ടുനോമ്പ് പെരുന്നാളിനെ വത്യസ്തമാക്കുന്നത്.
കത്തീഡ്രലിൽ നാളെ
കരോട്ടെ പള്ളിയിൽ വരെ രാവിലെ ആറിന് വിശുദ്ധ കുർബാന – മുബൈ, അയർലൻഡ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ്. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വത്തിൽ. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ ഇന്ന് കുർബാന മധ്യത്തിൽ ആചരിക്കും. കുർബാനയ്ക്ക് ശേഷം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2026ലെ കലണ്ടർ പ്രകാശനം ചെയ്യും.
രാവിലെ 11ന് പ്രസംഗം – തോമസ് മോർ അലക്സന്ത്രയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര. 2.30ന് പ്രസംഗം – ഫാ. ജോൺസ് കോട്ടയിൽ. 4.30ന് കൊടിമരം ഉയർത്തൽ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനം – മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ.
കൊടിയേറ്റ് നാളെ സെപ്റ്റംബർ ഒന്നിന്
എട്ടുനോമ്പ് പെരുന്നാളിനോടു അനുബന്ധിച്ചുള്ള കൊടിയേറ്റ് നാളെ സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെടും. അരീപ്പറമ്പ് കരയിൽ പാതയിൽ പി.എ. കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിക്കും. വൈകുന്നേരം 4.30ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷം കൊടിമരം ഉയർത്തും. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തും.
വഴിപാടുകൾ ഓൺലൈനായി
നേർച്ച-വഴിപാടുകൾ, പെരുന്നാൾ ഓഹരി എന്നിവയ്ക്ക് ഓൺലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്. വിശ്വാസികളുടെ പ്രാർഥനാ ആവശ്യങ്ങൾ കത്തീഡ്രലിൻറെ ഇ-മെയിൽ വിലാസത്തിലോ (manarcadstmaryschurch@gmail.com), വാട്‌സ്ആപ്പ് നമ്പറിലേക്കോ (+919072372700) അയയ്ക്കാം. കത്തീഡ്രലിൻറെ വെബ്‌സൈറ്റിലൂടെയും സംഭാവനകൾ നൽകാനും പ്രാർഥനാവശ്യങ്ങൾ അറിയിക്കാനും ക്രമീകരണമുണ്ട്. കുർബാനയ്ക്ക് പേരുകൾ നൽകാൻ രണ്ട് കിയോസ്കുൾ സ്ഥാപിച്ചിട്ടുണ്ട്. സംഭാവനകൾ നൽകാൻ ക്യൂആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.