ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ പുതിയ രണ്ടു സി ടി സ്കാൻ മെഷീനുകൾ എത്തി. ഇതു സ്ഥാപിച്ചു പ്രവർത്തനം ആരംഭിക്കുന്നതോടെ നിരവധി രോഗികൾക്ക് ആശ്വാസമാകും. ആധുനിക ചികിത്സാ സംവിധാനത്തിൽ സി ടി സ്കാൻ മെഷീനുകളുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്. കൃത്യമായ രോഗ നിർണ്ണയത്തിനും തുടർ ചികിത്സയ്ക്കും സ്കാനിംഗ് കൂടിയേ കഴിയൂ. ഇപ്പോൾ മെഡിക്കൽ കോളേജിൽ എത്തിയിരിക്കുന്ന രണ്ടു മെഷീനുകളിൽ ഒന്ന് കാൻസർ വിഭാഗത്തിലും മറ്റൊന്ന് അത്യാഹിത വിഭാഗത്തിലുമാണ് സ്ഥാപിക്കുന്നത്.കാൻസർ വിഭാഗത്തിലെ സി ടി സ്കാൻ മെഷീൻ പ്രവർത്തനരഹിതമായിട്ട് രണ്ടു വർഷത്തിലേറെയായി.
കാലപ്പഴക്കം മൂലം നന്നാക്കാൻ ആവാത്ത വിധമായിരുന്നു യന്ത്രത്തിൻ്റെ അവസ്ഥ.നിരവധി പാവപ്പെട്ട രോഗികൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരുകയായിരുന്നു.ഇവരെല്ലാം സ്വകാര്യ സ്കാനിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിയും വന്നിരുന്നു. മാത്രമല്ല ഇതിനു വേണ്ട പണച്ചിലവ് വഹിക്കുവാൻ ഇവർ നിർബന്ധിതരാകുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ സ്ഥാപിക്കുന്നത് സീമെൻസ് കമ്പനിയുടെ 32 സ്ളെെസ് സി ടി മെഷീനാണ്. അത്യാഹിത വിഭാഗത്തിലെ മെഷീൻ കേടായിട്ട് രണ്ടു മാസത്തിലേറെയായി. ദിവസേന ആയിരത്തോളം രോഗികളാണ് ഇവിടെ എത്തുന്നത്.കൂടുതലും റോഡപകടങ്ങളിൽ പെട്ടും മറ്റുമാണ് രോഗികൾ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. രോഗികളെ സ്കാനിംഗിനു വിധേയമാക്കുവാൻ സ്വകാര്യ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടിയും വന്നിരുന്നു. ഇവിടെ സ്ഥാപിക്കുന്നത് ജി ഇ കമ്പനിയുടെ 128 സ്ളൈസ് സി ടി മെഷീനാണ്. പുതിയ രണ്ടു മെഷീനുകൾ എത്തിയതോടെ പാവപ്പെട്ട രോഗികൾക്കും ബന്ധുക്കൾക്കുമാണ് ഏറെ ആശ്വാസമാകുന്നത്.അത്യാധുനികമായ സി ടി, എം ആർ ഐ, ഡിആർ, മമ്മോഗ്രാഫി, ഐഐടി വി മെഷീനുകൾ ഉടനെ തന്നെ പുതിയ സർജിക്കൽ ബ്ലോക്കിൽ സ്ഥാപിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.