കണ്ണൂര്‍: കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെത്തി രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. സഹോദരൻ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയില്‍ എത്തിയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രജീഷിനും മകനും പൊള്ളലേറ്റു. ഇവരുടെ അമ്മ നളിനിയും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.