തിരുവല്ല:
തിരുവല്ല നിരണത്ത് നിന്ന് യുവതിയേയും രണ്ട് പെണ്‍മക്കളെയും പതിനൊന്ന് ദിവസമായി കാണാനില്ലെന്ന് പരാതി. നിരണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 40 കാരി റീനയെയും മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് കാണാതായത്. തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണശ്ശ സ്‌കൂളിലെ വിദ്യാർഥികളാണ് കുട്ടികൾ. ഓട്ടോഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പമാണ് റീനയും മക്കളും ആലുംതുരുത്തി ചന്തയ്ക്ക് സമീപം വാടക വീട്ടിൽ താമസിച്ചിരുന്നത്.
റീനയെ കാണാതായ വിവരം ഭർത്താവ് അനീഷ് രണ്ട് ദിവസങ്ങൾക്കുശേഷമാണ് കുടുംബത്തെ അറിയിച്ചതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. അതിന് പിന്നാലെയാണ് റീനയുടെ സഹോദരൻ റിജോ പുളിക്കീഴ് പോലീസിൽ പരാതി നൽകിയത്. ആറുദിവസം കഴിഞ്ഞിട്ടും യാതൊരു സൂചനയും ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിരണം അഞ്ചാംവാർഡിലെ യരുശലേം പള്ളിക്കടുത്തുള്ള കാടുവെട്ടിലാണ് റീനയുടെ മാതാപിതാക്കൾ താമസിക്കുന്നത്.