കോട്ടയം: നഗരസഭയുടെ ഗുരുതരമായ വീഴ്ചയെ തുടർന്ന് നഗരത്തിലെ താല്ക്കാലികക്കാരായ ശുചീകരണ തൊഴിലാളികളുടെ ശമ്പളം മുടങ്ങി. നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന 49 തൊഴിലാളികളുടെ ശമ്പളമാണ് മുടങ്ങിയത്. താല്ക്കാലികക്കാരായ തൊഴിലാളികൾക്ക് 179 ദിവസം കൂടുമ്പോൾ ഒരു ദിവസം വിടുതൽ നൽകിയ ശേഷമാണ് ജോലിയിൽ തുടരാൻ അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ ഒൻപതിന് 179 ദിവസം ആയെങ്കിലും, ഇവർക്ക് താല്കാലിക വിടുതൽ നൽകുന്ന കാര്യം നഗരസഭ അധികൃതർ ഓർമ്മിച്ചില്ല. അതുകൊണ്ടു തന്നെ ഒരു ദിവസം വിടുതൽ നൽകാനും, ഇവർക്ക് ജോലിയിൽ തുടരാൻ കൗൺസിലിന്റെ അനുമതി നൽകാനും സാധിച്ചില്ല.
ദിവസങ്ങൾക്ക് ശേഷമാണ് തങ്ങൾക്ക് പറ്റിയ പിഴവ് നഗരസഭ അധികൃതർ തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ഇവർ കഴിഞ്ഞ മാസം ഒൻപതാം തീയതി വരെയുള്ള ശമ്പളമാണ് താല്കാലികക്കാരായ ജീവനക്കാർക്ക് നൽകിയത്. ഇതോടെ പലർക്കും 6000 രൂപയിൽ താഴെ മാത്രമാണ് ശമ്പളമായി ലഭിച്ചത്. കഴിഞ്ഞ മാസം 30 ദിവസത്തോളം ജോലി ചെയ്തവർക്കാണ് ഒൻപതാം തീയതിയ്ക്കു ശേഷമുള്ള ശമ്പളം ലഭിക്കാത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരുടെ നിയമനത്തിന് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകാത്തതിനാൽ ബാക്കിയുള്ള ദിവസങ്ങളിൽ ശമ്പളം ലഭിക്കുമോ എന്ന കാര്യത്തിൽ പോലും ആശങ്കകൾ നില നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അധികൃതർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.