ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേരുടെ ജീവനാണ് പൊലിഞ്ഞത്. സാകർ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകർ ഹരി നടത്തിയ ഒരു ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂർ ഗ്രാമവാസിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. 26 വർഷം മുമ്ബ് സർക്കാർ ജോലി ഉപേക്ഷിച്ച് താൻ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡല്‍ഹി തുടങ്ങിയടങ്ങളിലായി നിരവധി അനുയായികള്‍ ഇയാള്‍ക്കുണ്ട്.
അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ ഒത്തുചേരലുകളില്‍, സന്നദ്ധപ്രവർത്തകർ ഭക്തർക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയിരുന്നു. കോവിഡ് കാലത്താണ് ഇയാള്‍ കൂടുതല്‍ പ്രസിദ്ധനായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. ജൂണ്‍ നാലിനും ഇയാളുടെ മറ്റൊരു പരിപാടി യുപിയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.