കോട്ടയം : പനച്ചിക്കാട് ചാന്നാനിക്കാട് കനത്ത മഴയിൽ വീട് ഇടിഞ് വീണു. പനച്ചിക്കാട് പഞ്ചായത്ത് പതിനേഴാം വാർഡിൽ ചാന്നാനിക്കാട് ദുർഗാ ക്ഷേത്രത്തിന് സമീപത്തെ വീടാണ് ഇടിഞ് വീണത്. ഒരു മുറിയുടെ രണ്ട് ഭിത്തിയും പൂർണമായും ഇടിഞ് വീഴുകയായിരുന്നു. ചാന്നാനിക്കാട് പിള്ളക്കൊണ്ടൂർ രാധയുടെ വീടാണ് ഇടിഞ് വീണത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. രാധയുടെ മകൻ വിഷ്ണുവും ഗർഭിണിയായ ഭാര്യ സുമിയും ഇവരുടെ മകനുമാണ് കട്ടിലിൽ കിടന്നിരുന്നത്. സുമി എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി നിമിഷങ്ങൾക്ക് അകമാണ് സംഭവം ഉണ്ടായത്. വീടിൻ്റെ ഭിത്തിയിൽ നിന്നും മണ്ണ് താഴേക്ക് വീഴുന്നത് കണ്ട് വിഷ്ണു മകനെയുമായി കട്ടിലിൽ നിന്നും എഴുന്നേറ്റു. ഈ സമയം ഭിത്തി വലിയ ശബ്ദത്തോടെ താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. ഉടൻതന്നെ വിഷ്ണുവും മകനും എഴുന്നേറ്റു മാറിയതിനാൽ വൻ അപകടം ഒഴിവായി. വീട് ഏതാണ്ട് പൂർണമായും തകർന്നുപോയി. ഇതേ തുടർന്ന് ഇവർ മറ്റൊരു വീട്ടിലേക്ക് താമസം മാറി. പഞ്ചായത്തംഗം ലിജി വിജയകുമാറിനെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.