ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ നിന്നും രണ്ട് പാഴ്‌സലുകളിലായി നാലു കിലോ കഞ്ചാവ് പിടിച്ചെടുത്തു. കോട്ടയം പത്തംതിട്ട ജില്ലകളിൽ കഞ്ചാവും എംഡിഎംഎയുടെയും മൊത്തവിതരണക്കാരനായ കോട്ടയം അയ്മനം കല്ലുമട ഭാഗത്ത് കോട്ടമല വീട്ടിൽ ചങ്ങനാശേരി ചെത്തിപ്പുഴ കരരിശുംമൂട് എക്‌സൽ നഗർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മിഥുൻ തോമസി(35)നെയാണ് ചങ്ങനാശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ചങ്ങനാശേരി ചെത്തിപ്പുഴയ്ക്ക് സമീപത്തെ വാടകവീട്ടിന്റെ പുരയിടത്തിൽ ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു ചങ്ങനാശേരി ഡിവൈഎസ്പിയുടെ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ പൊലീസ് സംഘം ഇയാളുടെ വീട് വളയുകയായിരുന്നു. തുടർന്നാണ് വീടിന്റെ പറമ്പിൽ സൂക്ഷിച്ചിരുന്ന നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വലിയ തോതിൽ ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി നേരത്തെ തന്നെ പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം രാത്രി തന്നെ പരിശോധന നടത്തിയത്. മാസങ്ങൾക്കു മുൻപ് മിഥുനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിന് ശേഷം തിരികെ വന്ന ഇയാൾ വ്യാപകമായി എംഡിഎംഎ കഞ്ചാവ് കച്ചവടം തുടരുകയായിരുന്നു. കൊലപാതക ശ്രമവും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മിഥുൻ. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിക്കച്ചവടത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ഇയാൾ ചങ്ങനാശേരിയിൽ സ്ഥലവും വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.