വൈക്കം: പയറു കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ചു നടന്ന പാൽക്കുടം വരവ്, ഉറിയടി എന്നിവ ശ്രദ്ധേയമായി. മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും കൃഷ്ണ രാധ വേഷധാരികളായി മാതാപിതാക്കളോടൊപ്പമെത്തിയാണ് കുരുന്നുകൾ പാൽക്കുടമേന്തിയത്. ഒരു വയസു മുതൽ പ്രായമുള്ള കുരുന്നുകളടക്കം പാൽക്കുടം വരവിൽ അണിചേർന്നു. പാൽക്കുട മേന്തിയ ഭക്തർ ക്ഷേത്രത്തിനു വലം വച്ചശേഷം പാൽക്കുടങ്ങൾ ക്ഷേത്രത്തിൽ സമർപ്പിച്ചു.
തുടർന്നു ക്ഷേത്രാങ്കണത്തിൽ നടന്ന ഉറിയടിയിൽ നിരവധി കൃഷ്ണ രാധ വേഷധാരികൾ പങ്കെടുത്ത് പാൽക്കുട മുടച്ചു. തുടർന്നു പാൽക്കുടം അഭിഷേകം നടന്നു. ഉച്ചയ്ക്ക് നടന്ന ജന്മാഷ്ടമി സദ്യയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ജന്മാഷ്ടമി പൂജകൾക്ക് എ.ജി. വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി മുല്ലയ്ക്കൽ നാരായണൻ നമ്പൂതിരി, എ.ജി.ബാലചന്ദ്രൻ നമ്പൂതിരി, എ.വി.ഗോവിന്ദൻ നമ്പൂതിരി, ആര്യൻ വാസുദേവൻ നമ്പൂതിരി ഏറാഞ്ചേരി ഇല്ലം, അശ്വിൻ നാരായണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.