കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്‌മാനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫോറസ്റ്റ് ഫ്‌ളയിങ് സ്‌ക്വാഡ് ആന്‍ഡ് വിജിലന്‍സ് അടക്കം ഉന്നത വനം വകുപ്പ് അധികൃതര്‍ക്കാണ് പരാതി നല്‍കിയത്. വിഷയം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അബ്ദുറഹ്‌മാന്‍ പറഞ്ഞു.
നിലവിലെ നിയമങ്ങള്‍ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കേണ്ടത് ട്രഷറിയിലെ സ്‌ട്രോങ് റൂമിലാണ്. ഇത് യഥാര്‍ത്ഥ ആനക്കൊമ്പുകളാണെങ്കില്‍ അവിടേക്കു മാറ്റാതെ ജില്ലാ കളക്ടറുടെ ഓഫീസില്‍ പ്രദര്‍ശനത്തിന് വെക്കുന്നതെന്തിനാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. ഇതിലൂടെ കളക്ടര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും പരാതിക്കാരന്‍ ചോദിക്കുന്നു. അതേസമയം ആനക്കൊമ്പ് ഒറിജിനലാണോയെന്ന് വ്യക്തമല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആനക്കൊമ്പുകളുടെ പശ്ചാത്തലത്തില്‍ ഇരുന്ന് ഫോട്ടോ എടുത്ത് ജില്ലാ കളക്ടര്‍ രേണുരാജ് ഐഎഎസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അബ്ദുറഹിമാന്‍ പരാതി നല്‍കിയത്. കണ്ണില്‍ ചോരയില്ലാത്ത കുറെ മനുഷ്യര്‍ വെടിയേറ്റ ആ ഗജരാജന്റെ രക്തപ്പുഴയുടെ ഓരം ചേര്‍ന്ന് മഴു കൊണ്ട് മുഖവും തലയും വെട്ടിക്കീറി എടുത്ത ആ കൊമ്പുകള്‍ ഉന്നത പദവിയില്‍ ഇരിക്കുന്ന ജനസേവക തന്റെ ഓഫിസ് ചെയറിനു പിറകില്‍ ബാക്ക് ഗ്രൗണ്ട് ആയി വെച്ച് അതിന് മുന്നിലിരുന്ന് നിഷ്‌കളങ്കമായ ചിരിക്കുന്ന ഫോട്ടോ എടുക്കുന്നു. എന്നിട്ട്, ആ ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നു. എന്തൊരു ദുരന്തമാണിത്!’, എന്നാണ് പരാതിക്കാരന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.