കോട്ടയം: യുവതിയ്ക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നാരോപിച്ച് എം.ജി യൂണിവേഴ്‌സിറ്റി ജീവനക്കാരിയും വിദ്യാർത്ഥികളും ചേർന്ന് അതിരമ്പുഴ യൂണിവേഴ്‌സിറ്റിയ്ക്ക് മുന്നിൽ സ്വകാര്യ ബസ് തടഞ്ഞു. യുവതിയ്‌ക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ മർദിച്ചതായി ആരോപിച്ച് ഡ്രൈവർ ബസ് വഴിയിൽ ഉപേക്ഷിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൂഞ്ഞാർ – മുണ്ടക്കയം – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പിടിഎംഎസ് ബസിലെ ഡ്രൈവർ റിൻഷാദ് (26) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, നടുറോഡിൽ ബസ് ഉപേക്ഷിച്ച് പോയ വിഷയത്തിൽ റിൻഷാദിനെതിരെ കേസെടുത്തതായി ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് എംജി യൂണിവേഴ്‌സിറ്റിയ്ക്കു മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. കഴിഞ്ഞ ദിവസം ഇതേ ബസ് പൂഞ്ഞാർ റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ പുലിയന്നൂരിൽ ബസ് നിർത്തണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നതായി ബസ് ജീവനക്കാർ പറയുന്നു. എന്നാൽ, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആയതിനാൽ ഇവിടെ സ്റ്റോപ്പില്ലെന്നും ഇവിടെ നിർത്താനാവില്ലെന്നും ജീവനക്കാർ അറിയിച്ചു. ഇതേ തുടർന്ന്, യുവതിയെ തൊട്ടടുത്ത സ്റ്റോപ്പായ മരിയനിലാണ് ഇറക്കി വിട്ടത്. ഇതിന്റെ വൈരാഗ്യത്തെ തുടർന്നാണ് യുവതി വിദ്യാർത്ഥികൾക്കൊപ്പം എത്തി ഡ്രൈവറെ മർദിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ബസിന്റെ അമിത വേഗം ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ ബസ് തടഞ്ഞതെന്നും വാദമുണ്ട്. രണ്ട് വിഭാഗവും വിഷയത്തിൽ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.