കോട്ടയം: പൊൻപള്ളിയിൽ ആളില്ലാത്ത വീട് കുത്തിത്തുറക്കുന്നതിനിടെ കൈമുറിഞ്ഞതോടെ മോഷണ ശ്രമം അവസാനിപ്പിച്ച് മോഷ്ടാവ് മടങ്ങി. കോട്ടയം പൊൻപള്ളി പള്ളിയ്ക്കു സമീപം വെള്ളാപ്പള്ളിയിൽ ഫിലിപ്പിന്റെ വീടാണ് മോഷ്ടാവ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ശ്രമിച്ചത്. വീടിന്റെ ജനൽ ചില്ല് തല്ലിത്തകർത്ത ശേഷം ഈ പാളിയിലൂടെ ഉള്ളിൽ കയ്യിട്ട് വാതിലിൽ വച്ചിരുന്ന ക്രോസ് ബാർ ഇളക്കി മാറ്റാൻ മോഷ്ടാവ് ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാളുടെ കൈ ജനൽ ചില്ലിൽ കൊണ്ട് മുറിഞ്ഞതെന്നു സംശയിക്കുന്നു. ഇതേ തുടർന്ന് മോഷ്ടാവ് മോഷണ ശ്രമം അവസാനിപ്പിച്ചു മടങ്ങുകയും ചെയ്തു. ഇന്നാണ് മോഷണ ശ്രമം നടന്ന വിവരം നാട്ടുകാർ അറിഞ്ഞത്. തുടർന്ന്്, ഇവർ വിവരം കോട്ടയം ഈസ്റ്റ് പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.