ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് മാലിന്യ സംസ്കരണ പ്ലാൻ്റിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.അയ്മനം പെരുമന കോളനിയിലെ ലക്ഷ്മി നിവാസിൽ സുബ്രഹ്മണ്യൻ (42)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർഡിയോളജി വിഭാഗത്തിനും ഗൈനക്കോളജി വിഭാഗത്തിനും ഇടയിലുള്ള ട്രീറ്റ്മെൻ്റ് പ്ലാൻ്റിനു സമീപമുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാവിലെ പത്തിനോടെയായിരുന്നു സംഭവം. പ്ലംബർ ജോലി സംബന്ധമായ കാര്യങ്ങൾക്കായി സഹായിയോടൊപ്പമാണ് ഇയാൾ ഇവിടെ എത്തിയത്. പണി കഴിഞ്ഞ ശേഷം പണി ആയുധങ്ങൾ വണ്ടിയിൽ എടുത്തു വയ്ക്കുവാൻ സഹായി പോയ സമയത്താണ് ഇയാൾ വെള്ളക്കെട്ടിൽ വീണു മരിച്ചത്.ഏറെ സമയം കഴിഞ്ഞിട്ടും സുബ്രഹ്മണ്യനെ കാണാതെ വന്നതിനെ തുടർന്ന് സഹായി സ്ഥലത്തു ചെന്ന് നോക്കുമ്പോൾ ഇയാൾ വെള്ളക്കെട്ടിൽ കമഴ്ന്നു കിടക്കുന്ന സ്ഥിതിയിലായിരുന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.നടപടികൾക്കു ശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രഥമ നിഗമനം.തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി അയ്മനത്താണ് താമസം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുട്ടമ്പലം ശ്മശാനത്തിൽ. ഭാര്യ: സബീന, മക്കൾ സുബിൻ, സുധൻ.