കോട്ടയം: വിജയപുരം പഞ്ചായത്തിലെ ആനത്താനത്ത് മൺതിട്ട ഇടിഞ്ഞു വീണ് വീടിനും ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനും കേടുപാട്. പഞ്ചായത്തിലെ 12 ആം വാർഡ് താമരശേരി ആനത്താനത്താണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപകടം ഉണ്ടായത്. വീടിന്റെയും ചർച്ച് ഓഫ് ഗോഡ് ഹാളിന്റെയും പിൻഭാഗത്തെ മൺ തിട്ട വൻ ശബ്ദദത്തോടെ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇവിടെ താമസിക്കുന്ന കോതകേരിൽ അന്നമ്മ മാത്യുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൺ തിട്ടയിൽ നിന്നും ഉരുണ്ട് വീണ കല്ല് വീടിന്റെ പാരിഷ് ഹാളിൽ വന്നിടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാളിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് വിജയപുരം പഞ്ചായത്ത് അംഗം ബിനു മറ്റത്തിൽ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വിജയപുരം വില്ലേജ് ഓഫിസർ പ്രമോദ്, ഫീൽഡ് ഓഫിസർ മഹേഷ് എന്നിവർ സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകി.