കുടമാളൂർ : കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല മുപ്പത്തിയഞ്ചാമത് കലോത്സവം “കലയോളം 2024” സമാപിച്ചു. മൂവായിരത്തിലേറെ കുട്ടികളുടെ കലാമാമാങ്കത്തിന് കുടമാളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വേദിയായി. അഞ്ചു വേദികളിലായി നാല് ദിവസം കൊണ്ടാണ് കലാ മത്സരങ്ങൾ പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഷാജിമോൻ അധ്യക്ഷത വഹിച്ചു. യുപി,എൽ.പി. വ്യക്തിഗത വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും ട്രോഫികൾ സമ്മാനിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അനീഷ് ഐ.എം. ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തി. വിദ്യാഭ്യാസ ഉപജില്ല ഓഫീസർ അനിത ഗോപിനാഥ് അഭിനന്ദന സന്ദേശം നൽകി.സ്കൂൾ പ്രിൻസിപ്പൽ റാണി ജെ, അയ്മനംഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, പി.വി സുശീലൻ , കെ ആർ ജഗദീഷ്, മേരിക്കുട്ടി.എം, പിടിഎ പ്രസിഡന്റ് ദിവ്യാ സുരേഷ്, എം.പി.ടി.എ പ്രസിഡൻറ് ശാലിനി പ്രദീഷ് , പാഠ്യേതര കമ്മിറ്റി കൺവീനർ മനോജ് ജോസഫ്, രജനി ടീച്ചർ എന്നിവർ പ്രസംഗിച്ചു. എൽ പി ഭാഗത്തിൽ കുമാരനെല്ലൂർ ദേവിവിലാസം എൽ പി സ്കൂൾ ,കുടമാളൂർ ഗവൺമെൻറ് എച്ച് എസ് എൽ പി ,ശ്രീനാരായണ എൽ പി സ്കൂൾ പെരുമ്പായിക്കാട് എന്നീ സ്കൂളുകൾ ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. യുപി വിഭാഗത്തിൽ p0കുമാരനെല്ലൂർ ദേവി വിലാസം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ സെൻ്റ് ഫിലോമിനാസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഹയർ സെക്കൻഡറി ഓവറോൾ ചാമ്പ്യൻഷിപ്പ് കുമരകം എസ്. കെ.എം ഹയർസെക്കൻഡറി സ്കൂൾ നേടി.
അറബി കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ശ്രീനാരായണ എൽ.പി.എസ് പെരുമ്പായിക്കാട്, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് കിളിരൂർ എന്നീ സ്കൂളുകൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. ഗവൺമെൻറ് യു.പി സ്കൂൾ കുമ്മനം അറബി യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എ.ടി.എൻ. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കുമാരനെല്ലൂർ ദേവി വിലാസം വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കലോത്സവം ഡിസൈൻ ചെയ്ത സൗമ്യമാധവൻ , ബെസ്റ്റ് എൻ.എസ്.എസ് വോളണ്ടിയർ ആയി തിരഞ്ഞെടുക്കപ്പെട്ട കാർത്തിക് വസന്തകുമാർ, സ്കൂൾ പി.ടി.എ. എന്നിവർക്കുള്ള പുരസ്കാരങ്ങൾ സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി വിതരണം ചെയ്തു.