കാഞ്ഞിരപ്പള്ളി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പേര് കൂടി പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി,ബംഗ്ലാവ്പറമ്പിൽ വീട്ടിൽ ഷമീർ (27), കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ് ഷാജി (28), കാഞ്ഞിരപ്പള്ളി ബംഗ്ലാവ് പറമ്പ് ഭാഗത്ത് ബംഗ്ലാവ്പറമ്പിൽ വീട്ടിൽ നജീബ് (40), കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലീം (22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് നാലാം തീയതി രാത്രി 12 മണിയോടുകൂടി മണ്ണാറക്കയം പുത്തൻറോഡ് കോളനി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ അയൽവാസിയായ റോഡ് കോൺട്രാക്ടറും, യുവാവും വഴിയിൽ വച്ച് സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് കോൺക്രീറ്റ് ചെയ്തു ഉറയ്ക്കാത്ത റോഡിലേക്ക് ബൈക്കുമായി വന്ന ഫൈസലിനെ ഇവര്‍ ചോദ്യം ചെയ്തിരുന്നു. തുടർന്ന് സ്ഥലത്തുനിന്നും മടങ്ങിയ ഫൈസൽ പിന്നീട് സുഹൃത്തുക്കളുമായി ഓട്ടോറിക്ഷയിൽ തിരിച്ചെത്തി യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന വടികൊണ്ട് തലയ്ക്ക് അടിക്കുകയും, കല്ലുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തുക്കളെയും ഇവർ ചേർന്ന് മർദ്ദിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അണ്ട്രി എന്നുവിളിക്കുന്ന ഫൈസൽ അഷറഫ്, അയ്യൂബ് പി.എം, അയ്യൂബ് അൻസാരി എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഈ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇവരെ പിടികൂടുകയായിരുന്നു. ഷിജാസ്,സനാജ്,നജീബ് എന്നിവർ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ ബേബി ജോൺ, എ.എസ്.ഐ മാരായ അനീഷ്,ഹാരിസ്,സി.പി.ഓ മാരായ രാജേഷ്,ശ്രീരാജ്,അരുൺ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.